സൗദിയിൽ പുതിയ രാജ്യാന്തര റെയിൽവേ ഇടനാഴി; ജോർദാനിലേക്കും വടക്കൻ രാജ്യങ്ങളിലേക്കും അതിവേഗ ചരക്ക് നീക്കം
സൗദി അറേബ്യയിലെ പ്രധാന തുറമുഖങ്ങളെ ജോർദാനുമായും മറ്റ് വടക്കൻ രാജ്യങ്ങളുമായും ബന്ധിപ്പിക്കുന്ന പുതിയ രാജ്യാന്തര ലോജിസ്റ്റിക് ഇടനാഴിക്ക് സൗദി റെയിൽവേ തുടക്കം കുറിച്ചു. കിഴക്കൻ പ്രവിശ്യയിലെ തന്ത്രപ്രധാനമായ തുറമുഖങ്ങളെ അൽ ഹദീത അതിർത്തിയുമായി നേരിട്ട് ബന്ധിപ്പിച്ചാണ് ഈ ചരക്ക് ട്രെയിൻ സർവീസ് നടപ്പിലാക്കുന്നത്. ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖം, ജുബൈലിലെ കിങ് ഫഹദ് ഇൻഡസ്ട്രിയൽ പോർട്ട്, ജുബൈൽ കൊമേഴ്‌ഷ്യൽ പോർട്ട് എന്നിവയെ അൽ ഹദീത ലാൻഡ് പോർട്ടുമായി ഈ പാത കോർത്തിണക്കുന്നു.
ഏകദേശം 1,700 കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഈ റെയിൽ പാതയിലൂടെയുള്ള യാത്രയ്ക്ക് സാധാരണ റോഡ് മാർഗ്ഗങ്ങളെ അപേക്ഷിച്ച് പകുതി സമയം മാത്രമേ ആവശ്യമുള്ളൂ എന്നത് വലിയ നേട്ടമാണ്. ഒരു ട്രെയിനിൽ 400 സ്റ്റാൻഡേർഡ് കണ്ടെയ്‌നറുകൾ വരെ ഒരേസമയം കൊണ്ടുപോകാൻ സാധിക്കും. ഇത് ചരക്ക് നീക്കത്തിന്റെ വേഗതയും കാര്യക്ഷമതയും വർദ്ധിപ്പിക്കുകയും വൻതോതിലുള്ള കയറ്റുമതി സുഗമമാക്കുകയും ചെയ്യും. ജോർദാനിലേക്കും അയൽ രാജ്യങ്ങളിലേക്കുമുള്ള വിതരണ ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ഈ പദ്ധതി.
രണ്ട് ദിശകളിലേക്കും സർവീസ് ലഭ്യമായതിനാൽ ഇറക്കുമതിക്കും കയറ്റുമതിക്കും ഒരുപോലെ ഈ പാത ഗുണകരമാകും. സൗദിയുടെ വിഷൻ 2030-ന്റെ ഭാഗമായി രാജ്യത്തെ ആഗോള ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റുന്നതിൽ ഈ റെയിൽവേ ഇടനാഴി നിർണ്ണായക പങ്കുവഹിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കുറഞ്ഞ ചിലവിൽ വേഗത്തിലുള്ള ചരക്ക് നീക്കം സാധ്യമാകുന്നത് വടക്കൻ മേഖലയിലെ വ്യാപാര വാണിജ്യ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കും.
