ദുബൈ ഹെൽത്ത്‌കെയർ സിറ്റിയിൽ പുതിയ പെയ്ഡ് പാർക്കിങ് താരിഫ്; മണിക്കൂറിന് 4 ദിർഹം
ദുബൈ ഹെൽത്ത്‌കെയർ സിറ്റിയിലെ (രണ്ടാം ഘട്ടം) പാർക്കിങ് സംവിധാനങ്ങളിൽ മാറ്റം വരുത്തി. പ്രദേശത്തെ പാർക്കിങ് സൗകര്യങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി പുതിയ പെയ്ഡ് പബ്ലിക് പാർക്കിങ് താരിഫുകൾ അവതരിപ്പിച്ചു. ദുബൈയിലെ പാർക്കിങ് സേവന ദാതാവായ 'പാർക്കിൻ' (Parkin) ആണ് പുതിയ നിരക്കുകൾ നടപ്പിലാക്കുന്നത്.
പുതിയ നിയമപ്രകാരം മണിക്കൂറിന് 4 ദിർഹം എന്ന നിരക്കിലാണ് ഫീസ് ഈടാക്കുക. നാല് മണിക്കൂർ പാർക്ക് ചെയ്യുന്നതിന് 16 ദിർഹം നൽകണം. 365G എന്ന പുതിയ സോൺ കോഡിന് കീഴിലാണ് ഈ പ്രദേശത്തെ പാർക്കിങ് വരുന്നത്. ഉപഭോക്താക്കൾക്ക് ഈ സോൺ എളുപ്പത്തിൽ തിരിച്ചറിയാനായി കൃത്യമായ അടയാളങ്ങളും ബോർഡുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്താണ് പെയ്ഡ് പാർക്കിങ് ബാധകമാകുന്നത്. ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും പാർക്കിങ് സൗജന്യമായിരിക്കും. ദുബൈയിലെ ഏറ്റവും തിരക്കേറിയ ആരോഗ്യ കേന്ദ്രങ്ങളിലൊന്നായ ഇവിടെ ഗതാഗതം സുഗമമാക്കാനും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിലെ ക്രമക്കേടുകൾ ഒഴിവാക്കാനുമാണ് പുതിയ നടപടി.
