സൗദിയിൽ ജി.സി.സി വാഹനങ്ങൾക്ക് പുതിയ നിയന്ത്രണം; 90 ദിവസത്തിൽ കൂടുതൽ അനുമതിയില്ല
ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ സൗദി അറേബ്യയിൽ തുടരുന്നതിന് മന്ത്രിസഭ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാജ്യത്ത് ദീർഘകാലം രജിസ്ട്രേഷൻ ഇല്ലാതെ വിദേശ വാഹനങ്ങൾ ഉപയോഗിക്കുന്നത് തടയാനാണ് ഈ നടപടി. പുതിയ നിയമപ്രകാരം, ഒരു വർഷത്തിനുള്ളിൽ പരമാവധി 90 ദിവസം മാത്രമേ ഇത്തരം വാഹനങ്ങൾക്ക് സൗദിയിൽ തുടരാൻ അനുവാദമുണ്ടാകൂ. ഇത് തുടർച്ചയായ ദിവസങ്ങളായോ വിവിധ തവണകളായോ കണക്കാക്കാം.
സൗദി പൗരന്മാരുടെയോ താമസക്കാരുടെയോ ഉടമസ്ഥതയിലുള്ളതോ അവർ ഓടിക്കുന്നതോ ആയ വാഹനങ്ങൾക്കാണ് ഈ നിയമം ബാധകം. എന്നാൽ ജി.സി.സി രാജ്യങ്ങളിലെ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് വാടകയ്‌ക്കെടുത്ത വാഹനങ്ങളെ (റെന്റ് എ കാർ) ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സക്കാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയമായിരിക്കും വാഹനങ്ങളുടെ കാലാവധി നിരീക്ഷിക്കുന്നത്.
90 ദിവസത്തെ കാലാവധി കഴിയുന്നതിന് മുൻപായി വാഹന ഉടമകൾക്ക് ആഭ്യന്തര മന്ത്രാലയം വഴി കാലാവധി നീട്ടാൻ അപേക്ഷിക്കാവുന്നതാണ്. എന്നാൽ നിശ്ചിത സമയം കഴിഞ്ഞും വാഹനം രാജ്യത്ത് തുടരുന്നത് ട്രാഫിക് നിയമപ്രകാരം ഗുരുതരമായ നിയമലംഘനമായി കണക്കാക്കും. ഇത്തരക്കാർക്കെതിരെ കർശനമായ പിഴ ശിക്ഷകൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അതിർത്തിയിലെ കസ്റ്റംസ് പോയിന്റുകളിൽ വാഹന ഉടമകൾ ആവശ്യമായ വിവരങ്ങൾ കൃത്യമായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
