ദുബായിൽ ക്യാമറ ഉപയോഗത്തിന് പുതിയ നിയമം
ദുബായിൽ നിയമലംഘനങ്ങൾ രേഖപ്പെടുത്തുന്നതിനും ജുഡീഷ്യൽ വിധികളും ഉത്തരവുകളും, നടപ്പാക്കുന്നതിനും ക്യാമറകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ് ദുബായ് ഭരണകൂടം. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുതിയ പ്രമേയം കൊണ്ടുവന്നിരിക്കുന്നത്.
ക്യാമറകൾ എവിടെയൊക്കെ ഉപയോഗിക്കാം, എന്തൊക്കെ ദൃശ്യങ്ങൾ പകർത്താം എന്നതിനെക്കുറിച്ച് കൃത്യമായ മാനദണ്ഡങ്ങൾ ഇതിൽ പറയുന്നുണ്ട്. വീടുകൾ, ആരാധനാലയങ്ങൾ, ചേഞ്ചിങ് റൂമുകൾ തുടങ്ങിയ അതീവ സ്വകാര്യതയുള്ള സ്ഥലങ്ങളിൽ ദൃശ്യങ്ങൾ പകർത്തുന്നത് പൂർണമായും നിരോധിച്ചു. ദൃശ്യങ്ങൾ പകർത്തുന്ന സമയത്ത് ബന്ധപ്പെട്ട വ്യക്തികളെ അത് മുൻകൂട്ടി അറിയിക്കണം എന്നും പുതിയ പ്രമേയത്തിൽ നിഷ്‌കർഷിക്കുന്നു.
പകർത്തുന്ന ദൃശ്യങ്ങൾ അനധികൃതമായി ആർക്കും ലഭ്യമാകാത്ത രീതിയിൽ സുരക്ഷിതവും എൻക്രിപ്റ്റ് ചെയ്തതുമായ സംവിധാനങ്ങളിൽ സൂക്ഷിക്കണം.ദൃശ്യങ്ങൾ കൈകാര്യം ചെയ്യാൻ അനുമതിയുള്ള ജീവനക്കാരുടെ വിവരങ്ങൾ അടങ്ങിയ ഡാറ്റാബേസ് സർക്കാർ സ്ഥാപനങ്ങൾ സൂക്ഷിക്കണം. ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രമേ നിയമപാലകർ ക്യാമറകൾ ഉപയോഗിക്കാവൂ.
നിയമപാലകർക്ക് ജുഡീഷ്യൽ എൻഫോഴ്‌സസ്‌മെന്റ്‌റ് അധികാരം നൽകുന്നതിന് മുൻപായി ബോഡി ക്യാമറകളുടെ ഉപയോഗം, നിയമപരവും ധാർമ്മികവുമായ ചുമതലകൾ, സ്വകാര്യതാ സംരക്ഷണം എന്നിവയെക്കുറിച്ച് സർക്കാർ സ്ഥാപനങ്ങൾ ഇവർക്ക് പ്രത്യേക പരിശീലനം നൽകണം. സർക്കാർ സ്ഥാപനങ്ങൾ കരാറിലേർപ്പെട്ടിട്ടുള്ള സ്വകാര്യ കമ്പനികൾക്കും ഈ നിയമം ബാധകമായിരിക്കും.
ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ പുതിയ പ്രമേയത്തിന് പ്രാബല്യമുണ്ടാകും. ഇതിന് വിരുദ്ധമായ മുൻ ഉത്തരവുകൾ റദ്ദാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
