മദീനയിൽ പ്രവാചക സന്നിധിയിലെ തിരക്കറിയാൻ പുതിയ സ്മാർട്ട് സ്‌ക്രീനുകൾ
വിശുദ്ധ റമദാൻ മാസത്തിൽ മസ്ജിദുന്നബവിയിലേക്ക് എത്തുന്ന തീർഥാടകർക്കായി അത്യാധുനിക ഡിജിറ്റൽ സംവിധാനം ഒരുക്കി ഇരു ഹറം കാര്യാലയം. പ്രവാചകൻ മുഹമ്മദ് നബിയുടെയും അനുചരന്മാരുടെയും സന്നിധിയിൽ സലാം അർപ്പിക്കാൻ എത്തുന്നവർക്ക് അവിടത്തെ തിരക്ക് തത്സമയം മനസ്സിലാക്കാൻ സഹായിക്കുന്ന ഇന്ററാക്ടീവ് ഡിസ്‌പ്ലേ സ്‌ക്രീനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. തിരക്ക് മുൻകൂട്ടി അറിഞ്ഞ് ഏറ്റവും അനുയോജ്യമായ സമയം തിരഞ്ഞെടുക്കാൻ ഈ സംവിധാനം സന്ദർശകരെ സഹായിക്കും.
തിരക്കിന്റെ അളവ് ലളിതമായി മനസ്സിലാക്കാൻ നാല് നിറങ്ങളിലുള്ള സിഗ്‌നലുകളാണ് സ്‌ക്രീനുകളിൽ ഉപയോഗിച്ചിരിക്കുന്നത്. പച്ച നിറം കുറഞ്ഞ തിരക്കിനെയും, മഞ്ഞ മിതമായ തിരക്കിനെയും, ചുവപ്പ് അമിതമായ തിരക്കിനെയും സൂചിപ്പിക്കുന്നു. സേവനം താൽക്കാലികമായി ലഭ്യമല്ലാത്ത സമയങ്ങളിൽ വെള്ള നിറമായിരിക്കും സ്‌ക്രീനിൽ തെളിയുക. റമദാൻ മാസത്തിൽ മസ്ജിദുന്നബവിയിൽ അനുഭവപ്പെടുന്ന വൻ തിരക്ക് ശാസ്ത്രീയമായി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
പള്ളിയിലേക്കുള്ള വിവിധ കവാടങ്ങളിലും തന്ത്രപ്രധാനമായ സ്ഥലങ്ങളിലും ഈ ഡിജിറ്റൽ സ്ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്. സന്ദർശനം കൂടുതൽ ശാന്തവും സുഗമവുമാക്കാൻ സ്മാർട്ട് സ്ക്രീനുകൾ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ തീർഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.
