ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണത്തിനായി പുതിയ ടെസ്റ്റിങ് സോൺ; ഗതാഗത മേഖലയിൽ ചരിത്ര നീക്കവുമായി റാസൽഖൈമ

  1. Home
  2. International

ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണത്തിനായി പുതിയ ടെസ്റ്റിങ് സോൺ; ഗതാഗത മേഖലയിൽ ചരിത്ര നീക്കവുമായി റാസൽഖൈമ

rak


യു.എ.ഇയിലെ ഗതാഗതമേഖലയെ കൂടുതൽ സുസ്ഥിരവും അത്യാധുനികവുമാക്കുന്നതിന്റെ ഭാഗമായി ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണത്തിനും വികസനത്തിനുമായി പ്രത്യേക മൊബിലിറ്റി ചട്ടക്കൂടും ടെസ്റ്റിങ് സോണും പ്രഖ്യാപിച്ച് റാസൽഖൈമ. റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റിയും (RAKTA) റാസൽഖൈമ പ്രോപ്പർട്ടീസും (RAK Properties) സംയുക്തമായാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. റാസൽഖൈമ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

സ്വയംനിയന്ത്രിത (Autonomous) വാഹനങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും പരിശോധിക്കുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളാണ് ഈ ടെസ്റ്റിങ് സോണിൽ സജ്ജീകരിക്കുന്നത്. പദ്ധതിയുടെ വികസനത്തിനായി സർക്കാർ സ്ഥാപനങ്ങൾ, ആഗോള സാങ്കേതികവിദ്യാ കമ്പനികൾ, സർവകലാശാലകൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവയുമായി 10 പ്രധാന ധാരണാപത്രങ്ങളിൽ (MoU) ഒപ്പുവെച്ചു.

നിലവിൽ അൽ മർജാൻ ഐലൻഡിൽ ഡ്രൈവറില്ലാ റോബോ ബസുകളും അൽ ദൈത് സൗത്തിൽ റോബോ ടാക്സികളും വിജയകരമായി പരീക്ഷിച്ചുവരുന്നുണ്ട്. പുതിയ ടെസ്റ്റിങ് സോൺ നിലവിൽ വരുന്നതോടെ ഈ പരീക്ഷണങ്ങൾ കൂടുതൽ വിപുലീകരിക്കാനും, സ്മാർട്ട് ഗതാഗത സംവിധാനങ്ങളിലൂടെ കൂടുതൽ വിദേശ നിക്ഷേപങ്ങൾ എമിറേറ്റിലേക്ക് ആകർഷിക്കാനും സാധിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.