ഷാർജ കൾച്ചറൽ സ്ക്വയറിൽ പുതിയ ഭൂഗർഭ നടപ്പാത വരുന്നു
ഷാർജയിലെ കൾച്ചറൽ സ്ക്വയർ മേഖലയിൽ കാൽനടയാത്രക്കാർക്കായി പുതിയ ഭൂഗർഭ നടപ്പാത (Pedestrian Underpass) നിർമ്മിക്കുന്നു. പ്രശസ്തമായ ഇമാം അഹമ്മദ് ബിൻ ഹമ്പൽ പള്ളിക്കും കൾച്ചറൽ സ്ക്വയറിനുമിടയിലാണ് സുരക്ഷിത പാതയൊരുക്കുന്ന ഈ തുരങ്കം വരുന്നത്. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പദ്ധതി പ്രഖ്യാപിച്ചത്. ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ 'ഡയറക്ട് ലൈൻ' പരിപാടിയിലൂടെയായിരുന്നു പ്രഖ്യാപനം.
ഈ റോഡിലെ തിരക്കേറിയ വാഹനഗതാഗതത്തിനിടയിലൂടെ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി അപ്പുറത്തേക്ക് കടക്കാൻ പുതിയ തുരങ്കപാത സഹായകമാകും. അതേസമയം, ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സമഗ്ര അറബിക് എൻസൈക്ലോപീഡിയയുടെ രണ്ടാമത്തെ ഭാഗം വരാനിരിക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ നാലിനാണ് ഷാർജ എക്സ്പോ സെന്ററിൽ ആരംഭിക്കുന്നത്.
