പുതുവത്സരം: ദുബൈ ഗ്ലോബൽ വില്ലേജിൽ ഏഴ് തവണ ആഘോഷം

  1. Home
  2. International

പുതുവത്സരം: ദുബൈ ഗ്ലോബൽ വില്ലേജിൽ ഏഴ് തവണ ആഘോഷം

global village


പുതുവത്സര ദിനത്തിൽ സന്ദർശകർക്കായി വർണ്ണാഭമായതും വിത്യസ്തവുമായ ആഘോഷങ്ങൾ ഒരുക്കാനൊരുങ്ങി ദുബൈ ഗ്ലോബൽ വില്ലേജ്. ഏഴ് രാജ്യങ്ങളിലെ സമയക്രമമനുസരിച്ച് ഏഴു തവണയായിട്ടായിരിക്കും ഗ്ലോബൽ വില്ലേജ് പുതുവത്സരത്തെ വരവേൽക്കുക.

ഏഴ് രാജ്യങ്ങൾ, ഏഴ് ആഘോഷങ്ങൾ:

ഏഴു രാജ്യങ്ങളിൽനിന്നുള്ള അതിഥികൾക്ക് അവരവരുടെ സമയക്രമത്തിൽ പുതുവത്സരം ആഘോഷിക്കാനുള്ള അവസരമൊരുക്കുന്നതിനായാണ് ഈ ഏഴ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. ഓരോ കൗണ്ട്ഡൗണിനും ഒടുവിൽ അതിശയിപ്പിക്കുന്ന വെടിക്കെട്ടുകളും ആകാശത്ത് ഡ്രോൺ ഷോകളും ഉണ്ടാവും.

പുതുവത്സര ആഘോഷങ്ങളുടെ സമയക്രമം:

  • രാത്രി 8 മണിക്ക്: ചൈന
  • രാത്രി 9 മണിക്ക്: തായ്‌ലൻഡ്
  • രാത്രി 10 മണിക്ക്: ബംഗ്ലാദേശ്
  • രാത്രി 10.30 ന്: ഇന്ത്യ
  • രാത്രി 11 മണിക്ക്: പാകിസ്താൻ
  • അർധരാത്രി: ദുബൈ
  • പുലർച്ച 1 മണിക്ക്: തുർക്കിയ

ഓരോ കൗണ്ട്ഡൗണും ലോകത്തിലെ വ്യത്യസ്ത കോണുകളെ ആഘോഷിക്കുന്ന രീതിയിലായിരിക്കും സംഘടിപ്പിക്കുക. അതോടൊപ്പം സന്ദർശകർക്ക് പ്രധാന സ്റ്റേജിൽ ഡി.ജെ പ്രകടനവും ആസ്വദിക്കാനുള്ള അവസരമുണ്ടാകും. 90 ലധികം സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 30 പവിലിയനുകളിലായി 3500 ഷോപ്പിങ് ഔട്ട്ലറ്റുകളും സജ്ജമാണ്. സന്ദർശകർക്ക് വിശാലമായ ഷോപ്പിങ് അനുഭവം സമ്മാനിക്കുന്നതാകും ഈ ഔട്ട്ലറ്റുകൾ. ഡൈനിങ് ഔട്ട്ലറ്റുകളിൽ വ്യത്യസ്ത രുചികൾ ആസ്വദിക്കാം. കൂടാതെ സ്ത്രീകൾക്കും കുടുംബങ്ങൾക്കും മാത്രമായി വിനോദകേന്ദ്രവും അന്നേദിവസം തുറക്കും. 200 ലധികം റൈഡുകൾ, വ്യത്യസ്ത ഗെയിമുകൾ, കാർണിവൽ, പുതിയ ആകർഷണങ്ങൾ എന്നിവയും പ്രത്യേകം ഒരുക്കിയിട്ടുണ്ട്.