കുവൈത്തിൽ രാത്രി തണുപ്പുകൂടും; മൂടൽമഞ്ഞിനും നേരിയ മഴക്കും സാധ്യത
കുവൈത്തിൽ അടുത്ത ദിവസങ്ങളിൽ കടുത്ത തണുപ്പും മൂടൽമഞ്ഞും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പകൽസമയത്ത് മിതമായ കാലാവസ്ഥയാകുമെങ്കിലും രാത്രികാലങ്ങളിൽ തണുപ്പ് ശക്തമാകും. ചിലയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു.
ഉപരിതലത്തിൽ ഉയർന്ന വായു മർദ്ദം അനുഭവപ്പെടുന്നതും തണുത്ത വായുപിണ്ഡത്തിന്റെ സാന്നിധ്യവുമാണ് മേഘാവൃതമായ അന്തരീക്ഷത്തിനും തണുപ്പിനും കാരണമാകുന്നത്. ശനിയാഴ്ച രാവിലെ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് ദൃശ്യപരത കുറയ്ക്കാൻ സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ കാറ്റ് തെക്കുകിഴക്കൻ ദിശയിലേക്ക് നേരിയ വേഗത്തിൽ വീശാൻ സാധ്യതയുണ്ട്.
ശനിയാഴ്ച രാത്രി താപനില 11 ഡിഗ്രി സെൽഷ്യസിനും 13 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടൽ താരതമ്യേന ശാന്തമായിരിക്കുമെങ്കിലും ഒരടി മുതൽ മൂന്നടി വരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ചയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ മൂടൽമഞ്ഞും കുറഞ്ഞ താപനിലയും അനുഭവപ്പെട്ടിരുന്നു. തണുപ്പ് കൂടുന്ന സാഹചര്യത്തിൽ താമസക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
