നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദായിട്ടില്ല; അവകാശവാദം തെറ്റെന്ന് വിദേശകാര്യ മന്ത്രാലയം
യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും യെമൻ സർക്കാരിൽ നിന്ന് ലഭിച്ചിട്ടില്ല എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. 'നിമിഷ പ്രിയ കേസിൽ ചില വ്യക്തികൾ പങ്കിടുന്ന വിവരങ്ങൾ തെറ്റാണ്,' എന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചതായാണ് ഇന്ത്യ ടുഡെ പങ്കിടുന്ന റിപ്പോർട്ടിൽ പറയുന്നത്.
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായതായി കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചത്. നേരത്തെ താത്കാലികമായി നീട്ടിവെച്ച വധശിക്ഷയാണ് ഇപ്പോൾ പൂർണമായി റദ്ദ് ചെയ്തതതെന്നും സനായിൽ നടന ഉന്നത തലയോഗത്തിലാണ് ഇതുസംന്ധിച്ച തീരുമാനം ഉണ്ടായതെന്നുമാണ് ഓഫീസ് നൽകിയ വിവരം. യെമൻ സർക്കാരിൽ നിന്ന് ഇതുവരെ ഔദ്യോഗിക രേഖാമൂലമുള്ള സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യമാണ് ഇപ്പോൾ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചിരിക്കുന്നത്.നേരത്തെ ജൂലായ് 16-ന് നിശ്ചയിച്ച നിമിഷ പ്രിയയുടെ വധശിക്ഷ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ കൂടി ഇടപെടലിനെ തുടർന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു
