റമദാനിൽ ഭക്ഷണം പാഴാക്കുന്നത് തടയാൻ നിഅ്മ കാമ്പയിൻ; ലക്ഷ്യം മൂന്ന് ലക്ഷം ടൺ ഭക്ഷ്യസംരക്ഷണം
റമദാൻ മാസത്തിൽ ഭക്ഷണം പാഴാകുന്നത് തടയുക എന്ന ലക്ഷ്യത്തോടെ യു.എ.ഇയിൽ 'നിഅ്മ' (Ne’ma) എന്ന നാഷണൽ ഫുഡ് ലോസ് ആൻഡ് വേസ്റ്റ് ഇനീഷ്യേറ്റീവ് വിപുലമായ കാമ്പയിൻ ആരംഭിച്ചു. ‘പൈതൃകത്തെ വിലകൽപിക്കുന്നു’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഈ പദ്ധതി, രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ സംരക്ഷണ-പുനർവിതരണ പ്രവർത്തനമായി മാറും. അബൂദബി, ദുബൈ, അൽഐൻ, ഷാർജ, റാസൽഖൈമ എന്നീ അഞ്ച് പ്രധാന നഗരങ്ങളിൽ ഒരേസമയം പദ്ധതി നടപ്പാക്കും.
മൂന്ന് ലക്ഷം ടണ്ണിലധികം ഭക്ഷണം പാഴായിപ്പോകുന്നത് ഒഴിവാക്കാനും അത് ആവശ്യക്കാരിലേക്ക് എത്തിക്കാനുമാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. യു.എ.ഇയുടെ ‘കുടുംബ വർഷാചരണ’ത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ‘നിഅ്മ ഫാമിലി ഇഫ്താർ ബോക്സസ്’ പദ്ധതിയിലൂടെ, ഫാമുകളിൽ നിന്നും വിതരണക്കാരിൽ നിന്നും ലഭിക്കുന്ന അധികമായ പച്ചക്കറികൾ, പഴങ്ങൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ 10,000-ത്തിലധികം കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് വിതരണം ചെയ്യും. മാജിദ് അൽ ഫുത്തൈം, സിലാൽ ഉൾപ്പെടെ ഇരുപതോളം പ്രമുഖ സ്ഥാപനങ്ങളും ഖലീഫ ഫൗണ്ടേഷനും ഈ സംരംഭത്തിൽ പങ്കാളികളാണ്.
എക്സ്പോ സിറ്റി ദുബൈ ഉൾപ്പെടെയുള്ള ഏഴ് കേന്ദ്ര ഹബ്ബുകളിൽ വെച്ച് പാക്കിങ്, വിതരണ പ്രവർത്തനങ്ങൾ നടക്കും. 2030-ഓടെ ഭക്ഷണം പാഴാകുന്നത് പകുതിയായി കുറയ്ക്കാനുള്ള യു.എ.ഇയുടെ ദേശീയ നയത്തിന് ഈ കാമ്പയിൻ കരുത്തുപകരും. വിശുദ്ധ മാസത്തിൽ ഭക്ഷണത്തിന്റെ മൂല്യം തിരിച്ചറിയാനും സാമൂഹിക ഐക്യം ദൃഢമാക്കാനും ഈ നീക്കം സഹായിക്കും.
