അടിയന്തര കോൺസുലർ സേവനങ്ങൾക്ക് മുൻകൂട്ടി ബുക്കിങ് വേണ്ട; ഇന്ത്യൻ എംബസി
യു.എ.ഇയിൽ അടിയന്തര സാഹചര്യങ്ങളിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. അടിയന്തര ആവശ്യങ്ങളുള്ളവർക്ക് നേരിട്ട് സേവന കേന്ദ്രങ്ങളിൽ എത്തി സേവനം നേടാം.
തത്കാൽ പാസ്പോർട്ട്, നവജാത ശിശുക്കളുടെ പാസ്പോർട്ട്, അടിയന്തര പ്രാധാന്യമുള്ള സർട്ടിഫിക്കറ്റുകൾ, മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾ, ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ ആവശ്യങ്ങൾ എന്നിവയ്ക്കാണ് മുൻകൂട്ടി ബുക്കിങ് ഇല്ലാതെ നേരിട്ട് എത്താനുള്ള സൗകര്യം.
ഇന്ത്യൻ കോൺസുലർ സേവനങ്ങൾ, പാസ്പോർട്ട് അപേക്ഷകൾ, വീസ, സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ സേവനങ്ങളാണ് അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് സേവന കേന്ദ്രങ്ങളിലൂടെ ലഭിക്കുന്നത്.
സാധാരണ അപേക്ഷകർ ഓൺലൈനായി സമയം ബുക്ക് ചെയ്ത ശേഷമാണ് സേവന കേന്ദ്രത്തിലെത്തേണ്ടത്. അടിയന്തര ആവശ്യങ്ങൾക്കുള്ള നേരിട്ടുള്ള സേവനം രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ലഭിക്കുക. യു.എ.ഇയിൽ ആകെ 16 സേവന കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്.
