യുഎഇയിലെ ഇന്ത്യൻ തൊഴിലാളികളെ ഒഴിപ്പിക്കാൻ പദ്ധതിയില്ല; വാർത്തകൾ വ്യാജമെന്ന് എംഇഎ ഫാക്റ്റ് ചെക്ക്

  1. Home
  2. International

യുഎഇയിലെ ഇന്ത്യൻ തൊഴിലാളികളെ ഒഴിപ്പിക്കാൻ പദ്ധതിയില്ല; വാർത്തകൾ വ്യാജമെന്ന് എംഇഎ ഫാക്റ്റ് ചെക്ക്

MEA FACT CHECK


പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഫുജൈറ തുറമുഖം വഴി യുഎഇയിലെ ഇന്ത്യൻ തൊഴിലാളികളെ ഒഴിപ്പിക്കാൻ പദ്ധതിയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. മന്ത്രാലയത്തിന്റെ ഔദ്യോഗിക വസ്തുതാ പരിശോധനാ വിഭാഗമായ 'എംഇഎ ഫാക്റ്റ് ചെക്ക്' (MEA Fact Check) സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫുജൈറ തുറമുഖം വഴി പ്രവാസികളെ മാറ്റാൻ ഇന്ത്യയും യുഎഇയും സംയുക്തമായി പ്രവർത്തിക്കുന്നു എന്നായിരുന്നു വ്യാപകമായി പ്രചരിച്ച റിപ്പോർട്ട്.

ഇത്തരം വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും നിലവിൽ പൗരന്മാരെ ഒഴിപ്പിക്കേണ്ട സാഹചര്യം യുഎഇയിലില്ലെന്നും അധികൃതർ അറിയിച്ചു. പ്രാദേശിക സംഘർഷം രൂക്ഷമാവുകയും വിമാനയാത്ര തടസ്സപ്പെടുകയും ചെയ്താൽ കപ്പൽ മാർഗ്ഗം ആളുകളെ നാട്ടിലെത്തിക്കും എന്ന രീതിയിലുള്ള റിപ്പോർട്ടുകളുടെ സ്ക്രീൻഷോട്ടുകൾ സഹിതമാണ് എംഇഎ ഇത് നിഷേധിച്ചത്. ദശലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികൾ താമസിക്കുന്ന യുഎഇയിൽ ഇത്തരം തെറ്റായ വാർത്തകൾ വലിയ തോതിൽ ആശങ്ക പരത്തിയിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഇത്തരം വ്യാജ അവകാശവാദങ്ങൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകൾക്കായി മാത്രം കാത്തിരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രവാസികളോട് ആവശ്യപ്പെട്ടു. യുഎഇയിലെ നിലവിലെ സാഹചര്യം സുരക്ഷിതമാണെന്നും പൗരന്മാരുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.