'ടോൾ വേണ്ട, ഫീസ് വേണം'; 'ഹോർമുസ് കടക്കുന്ന കപ്പലുകളിൽ നിന്ന് പണം ഈടാക്കാൻ ഇറാൻ
ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കാനൊരുങ്ങി ഇറാൻ. ടോൾ സംവിധാനം ഉണ്ടായിരിക്കില്ലെന്നും എന്നാൽ കപ്പലുകൾ നിശ്ചിത ഫീസ് നൽകേണ്ടിവരുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. ഹോർമുസ് കടലിടുക്ക് യാതൊരുവിധ ടോളും കൂടാതെ പൂർണ്ണമായും തുറന്നുനൽകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഈ നീക്കം.
ഹോർമുസിലൂടെ പോകുന്ന കപ്പലുകളുടെ സുരക്ഷ, പരിസ്ഥിതി സംരക്ഷണം, മറ്റ് സമുദ്ര സേവനങ്ങൾ എന്നിവ മുൻനിർത്തിയാണ് ഫീസ് ഏർപ്പെടുത്തുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായേൽ ബഗായ് പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഇറാന്റെ ദേശീയ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടിക്രമങ്ങളെന്നും സേവനങ്ങൾക്ക് പകരമായി മാത്രമാണ് ഈ ഫീസെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കപ്പലുകൾക്ക് ഇറാൻ നൽകുന്ന പ്രത്യേക സേവനങ്ങൾ എന്തൊക്കെയാണെന്ന കാര്യത്തിൽ വ്യക്തതയില്ല. യു.എസ്-ഇസ്രായേൽ സംയുക്താക്രമണത്തിന് പിന്നാലെ ഇറാൻ ഈ കടലിടുക്ക് അടച്ചിട്ടിരിക്കുകയായിരുന്നു. ലോകത്തെ ആകെ എണ്ണയുടെയും ദ്രാവകീകൃത പ്രകൃതി വാതകത്തിന്റെയും (LNG) അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്നത് ഹോർമുസ് പാതയിലൂടെയാണ്. ഇതിനു മുൻപ് ഇത്തരമൊരു ഫീസ് നിലവിലുണ്ടായിരുന്നില്ല. പുതിയ ഫീസ് വരുന്നത് കപ്പൽ ഗതാഗത മേഖലയ്ക്ക് കോടിക്കണക്കിന് ഡോളറിന്റെ അധിക ബാധ്യതയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ (UNCLOS) പ്രകാരം ഹോർമുസ് പോലുള്ള സ്വാഭാവിക ജലപാതകളിലൂടെയുള്ള യാത്രയ്ക്ക് രാജ്യങ്ങൾ പണം ഈടാക്കാൻ പാടില്ല. പൈലറ്റിംഗ് അല്ലെങ്കിൽ ടഗ്ഗിംഗ് പോലുള്ള പ്രത്യേക സേവനങ്ങൾക്ക് മാത്രമേ പരിമിതമായ ഫീസ് ഈടാക്കാൻ അനുവാദമുള്ളൂ. അതിനാൽ ഇറാന്റെ ഈ തീരുമാനം നിയമപരമായി നിലനിൽക്കില്ലെന്നാണ് നയതന്ത്ര വിദഗ്ധരുടെ അഭിപ്രായം. അന്താരാഷ്ട്ര ജലപാതകളിൽ കപ്പൽ ഗതാഗതത്തിന് ഇത് അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും മറ്റ് രാജ്യങ്ങൾ ആശങ്കപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിൽ ചർച്ചകൾ നടത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.
