നോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസ്: രണ്ടാം ഘട്ട രജിസ്ട്രേഷൻ സെപ്റ്റംബർ 18 വരെ; എങ്ങനെ അപേക്ഷിക്കാം?

  1. Home
  2. International

നോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസ്: രണ്ടാം ഘട്ട രജിസ്ട്രേഷൻ സെപ്റ്റംബർ 18 വരെ; എങ്ങനെ അപേക്ഷിക്കാം?

norka care plus


പ്രവാസികൾക്കായി നോർക്ക റൂട്സ് നടപ്പിലാക്കുന്ന നോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാം ഘട്ട എൻറോൾമെന്റിന് സെപ്റ്റംബർ 18 വരെ അപേക്ഷിക്കാം. നോർക്ക കെയർ പ്ലസ് ആപ്പ് (Play Store, App Store) വഴി പ്രവാസികൾക്ക് നേരിട്ട് അപേക്ഷിക്കാവുന്നതാണ്. വാലിഡായ നോർക്ക തിരിച്ചറിയൽ കാർഡ് ഉള്ളവർക്കാണ് അപേക്ഷിക്കാൻ അർഹത. നോർക്ക കാർഡ് ഇല്ലാത്തവർക്ക് വെബ്‌സൈറ്റ് വഴി പാസ്‌പോർട്ട്, ഖത്തർ ഐ.ഡി, ഫോട്ടോ, ഒപ്പ് എന്നിവ സമർപ്പിച്ച് രണ്ടു ദിവസത്തിനകം കാർഡ് ഡൗൺലോഡ് ചെയ്ത് ഇൻഷുറൻസിന് അപേക്ഷിക്കാം.

80 വയസ്സ് വരെയുള്ള മാതാപിതാക്കളെ ഉൾപ്പെടുത്താം

നോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ 80 വയസ്സ് വരെയുള്ള മാതാപിതാക്കളെയും ഉൾപ്പെടുത്താം. പ്രവാസിയായ പ്രാഥമിക അംഗത്തിന് സ്വന്തം മാതാപിതാക്കളെയോ ജീവിതപങ്കാളിയുടെ മാതാപിതാക്കളെയോ പദ്ധതിയിൽ സഹ അംഗങ്ങളായി ചേർക്കാവുന്നതാണ്. ഇതിലൂടെ മാതാപിതാക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാം. മാതാപിതാക്കളുടെ ചികിത്സാച്ചെലവുകൾക്ക് വലിയൊരളവോളം പദ്ധതി ആശ്വാസകരമാകും.

കുടുംബാംഗങ്ങളെ ചേർക്കുന്നതിനുള്ള മാനദണ്ഡങ്ങൾ

അടിസ്ഥാന പോളിസി തുകയിൽ പ്രാഥമിക അംഗത്തിന് ജീവിതപങ്കാളി, 25 വയസ്സിന് താഴെയുള്ള രണ്ട് കുട്ടികൾ, കൂടാതെ മാതാപിതാക്കൾ അല്ലെങ്കിൽ ജീവിത പങ്കാളിയുടെ മാതാപിതാക്കൾ എന്നിവരെയാണ് ഉൾപ്പെടുത്താനാവുക. 25 വയസ്സിന് താഴെയുള്ള കൂടുതൽ കുട്ടികളെ പോളിസിയിൽ ചേർക്കണമെങ്കിൽ അഡീഷണൽ പ്രീമിയം തുക അടക്കേണ്ടതുണ്ട്.

മാതാപിതാക്കളുടെ കാര്യത്തിൽ വ്യക്തമായ നിബന്ധനകളുണ്ട്. സ്വന്തം മാതാപിതാക്കളെയോ അല്ലെങ്കിൽ ജീവിതപങ്കാളിയുടെ മാതാപിതാക്കളെയോ -ഇതിൽ ഏതെങ്കിലും ഒന്ന് മാത്രമേ ചേർക്കാൻ സാധിക്കുകയുള്ളൂ. സ്വന്തം മാതാപിതാക്കളിൽ ഒരാളെയും ജീവിതപങ്കാളിയുടെ മാതാപിതാക്കളിൽ ഒരാളെയും എന്ന രീതിയിൽ പോളിസിയിൽ ചേർക്കാൻ സാധിക്കില്ല.

കരൾ സിറോസിസ്, കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കും പരിരരക്ഷ ലഭിക്കും

നോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ കരൾ സിറോസിസ് അടക്കമുള്ള ഗുരുതരമായ കരൾ രോഗങ്ങൾക്കും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കും സാമ്പത്തിക പരിരക്ഷ ലഭിക്കും. അപേക്ഷിക്കുന്ന സമയത്ത് നിലവിലുള്ള രോഗങ്ങൾക്കും പദ്ധതിയിലൂടെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്. അതിനാൽ നിലവിൽ ചികിത്സയിൽ കഴിയുന്നവർക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാം.