'ചാൾസ് രാജാവ് സ്ഥാനമൊഴിയും'; ഹാരി രാജകുമാരൻ അധികാരത്തിലെത്തുമെന്ന് നോസ്ട്രഡാമസിന്‍റെ പ്രവചനം

  1. Home
  2. International

'ചാൾസ് രാജാവ് സ്ഥാനമൊഴിയും'; ഹാരി രാജകുമാരൻ അധികാരത്തിലെത്തുമെന്ന് നോസ്ട്രഡാമസിന്‍റെ പ്രവചനം

ബ്രിട്ടീഷ് രാജാവ് ചാൾസ്


ബ്രിട്ടീഷ് രാജാവ് ചാൾസ് കാൻസർ ബാധയെത്തുടർന്നു വിദഗ്ധ ചികിത്സയിലാണ്. ബക്കിംഗ്ഹാം കൊട്ടാരം തിങ്കളാഴ്ചയാണു രാജാവിനു ഗുരുതര രോഗം ബാധിച്ചതായി പ്രസ്താവനയിലൂടെ അറിയിച്ചത്. 75കാരനായ ചാൾസ് രാജാവിന്‍റെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്നും അദ്ദേഹം എത്രയും വേഗം പൊതുപരിപാടികളിലേക്കു മടങ്ങിവരുമെന്നും അദ്ദേഹത്തിന്‍റെ പത്നി കമീല രാജ്ഞി വ്യക്തമാക്കി. 

ചാൾസിന്‍റെ രോഗവാർത്ത പരന്നതോടെ മറ്റൊരു വാർത്തയും ലോകത്ത് ഉയർന്നുവന്നു, പ്രത്യേകിച്ച് ബ്രിട്ടനിൽ. പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസിന്‍റെ പ്രവചനങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. 1555-ലെ അദ്ദേഹത്തിന്‍റെ "പ്രവചനങ്ങൾ' ഉദ്ധരിച്ച്, ചാൾസ് രാജാവ് സ്ഥാനമൊഴിയുമെന്നും ഹാരി രാജകുമാരൻ സിംഹാസനം ഏറ്റെടുക്കാനും സാധ്യതയുണ്ടെന്നും പറയുന്നു.

"നോസ്ട്രഡാമസ്: ദ കംപ്ലീറ്റ് പ്രൊഫസീസ് ഫോർ ദ ഫ്യൂച്ചർ' എന്ന പുസ്തകം എഴുതിയ ബ്രിട്ടീഷ് എഴുത്തുകാരൻ മരിയോ റീഡിംഗ് ആണ് നോസ്ട്രഡാമസിന്‍റെ പ്രവചനങ്ങൾ വിശകലനം ചെയ്തത്. "വിവാഹമോചനത്തെത്തുടർന്ന് ജനങ്ങൾ യോഗ്യനല്ലെന്ന് കരുതിയ ഒരു മനുഷ്യൻ രാജാധികാരത്തിൽ നിന്നു പുറത്താകും. രാജാവാകുമെന്നു ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു മനുഷ്യൻ പകരം വരും.' എന്നാണ് നോസ്ട്രഡാമസിന്‍റെ പ്രവചനം വ്യാഖാനിച്ച് റീഡിംഗ് വ്യക്തമാക്കുന്നത്. 

2022ലെ എലിസബത്ത് രാജ്ഞിയുടെ മരണം ഉൾപ്പെടെ, ബ്രിട്ടീഷ് രാജകുടുംബത്തെക്കുറിച്ച് നിരവധി പ്രവചനങ്ങൾ നടത്തിയുള്ള സവിശേഷ വ്യക്തിയാണ് ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസ്. എലിസബത്ത് രാജ്ഞി 2022ൽ ഏകദേശം 96-ാം വയസിൽ മരിക്കുമെന്ന്  നോസ്ട്രഡാമസ് പറഞ്ഞതായി മിസ്റ്റർ റീഡിംഗ് പറയുന്നു.

അതേസമയം, കൊട്ടാരവുമായി പിണങ്ങിക്കഴിയുന്ന ചാൾസിന്‍റെ മകൻ ഹാരി രാജകുമാരൻ ചൊവാഴ്ച ലണ്ടനിലെത്തി. പിതാവിന്‍റെ രോഗവാർത്തയറിഞ്ഞാണ് ഹാരി ലണ്ടനിലെത്തിയത്.  ഭാര്യയും നടിയുമായ മേഗനും കുട്ടികൾക്കുമൊപ്പം കാലിഫോർണിയയിലാണ് ഇപ്പോൾ ഹാരി താമസിക്കുന്നത്. രാജകീയ ജീവിതം ഉപേക്ഷിച്ച് കുടുംബവുമായി കടുത്ത അഭിപ്രായവ്യത്യാസത്തിലാണ് ഹാരി. മാത്രമല്ല, "സ്പെയർ' എന്ന ആത്മകഥയിൽ കൊട്ടരത്തെക്കുറിച്ചും സഹോദരൻ വില്യം രാജകുമാരനെക്കുറിച്ചുമുള്ള തുറന്നുപറച്ചിലുകൾ വലിയ വിവാദങ്ങൾക്കു വഴിവച്ചിരുന്നു.

അതേസമയം, ചാൾസിന്‍റെ അനാരോഗ്യം അച്ഛനും മകനും തമ്മിലുള്ള അടുപ്പത്തിനു വഴിതുറന്നേക്കാമെങ്കിലും സിംഹാസനത്തിന്‍റെ അവകാശിയായ സഹോദരൻ വില്യം രാജകുമാരനുമായുള്ള ഭിന്നത പരിഹരിക്കുന്നത് എളുപ്പമായിരിക്കില്ലെന്ന് റോയൽ നിരീക്ഷകർ പറയുന്നു.