‘സുഹൈൽ’ അല്ല, ‘മിർസം’; ഗൾഫിൽ കഠിനവേനലിന്റെ അവസാനഘട്ടം, തണുപ്പിനായി നവംബർ വരെ കാത്തിരിക്കണം

  1. Home
  2. International

‘സുഹൈൽ’ അല്ല, ‘മിർസം’; ഗൾഫിൽ കഠിനവേനലിന്റെ അവസാനഘട്ടം, തണുപ്പിനായി നവംബർ വരെ കാത്തിരിക്കണം

heat sun


ആകാശത്തിലെ ഏറ്റവും പ്രകാശമേറിയ നക്ഷത്രമായ സിറിയസ് അഥവാ ‘അൽ മിർസം’ കിഴക്കൻ ആകാശത്ത് പ്രത്യക്ഷപ്പെട്ടതോടെ അറേബ്യൻ മേഖലയിൽ അതിതീവ്ര വേനലിന്റെ അവസാനഘട്ടത്തിന് തുടക്കമായി. ‘അൽ മിർസത്തിന്റെ’ വരവ് കഠിനമായ ചൂടിന്റെ കൊടുമുടി കുറിക്കുന്നതാണെങ്കിലും, വരാനിരിക്കുന്ന കാലാവസ്ഥാ മാറ്റങ്ങളുടെ സൂചന കൂടിയാണിത്. കഴിഞ്ഞ ശനിയാഴ്ച അബൂദബിയിലെ അൽ ശവാമിഖിൽ ഈ വർഷത്തെ ഉയർന്ന താപനിലയായ 50 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.

സൂര്യോദയത്തിന് തൊട്ടുമുമ്പ് ദൃശ്യമാകുന്ന മിർസത്തിന്റെ വരവോടെ വരണ്ട കാലാവസ്ഥ മാറി അന്തരീക്ഷത്തിൽ ഈർപ്പം കൂടുകയും ‘അൽ റുവയ്യ’ എന്ന പ്രാദേശിക വേനൽമേഘങ്ങളുടെ രൂപീകരണത്തിന് വഴിവെക്കുകയും ചെയ്യും. പരമ്പരാഗതമായി മികച്ച ഇനം ഈന്തപ്പഴങ്ങളുടെ വിളവെടുപ്പുമായി ബന്ധപ്പെട്ടാണ് ഈ നക്ഷത്രോദയത്തെ അറബ് ലോകം കാണുന്നത്.

മിർസത്തിന് ശേഷം 'സുഹൈൽ' നക്ഷത്രം ഉദിക്കുന്നതോടെ ചൂടിന് നേരിയ ആശ്വാസം ലഭിച്ചു തുടങ്ങുമെങ്കിലും മേഖലയിൽ യഥാർത്ഥ തണുപ്പ് അനുഭവപ്പെടാൻ നവംബർ വരെ കാത്തിരിക്കേണ്ടി വരും. എൽ നിനോ പ്രതിഭാസം കാരണം ഇത്തവണ അറേബ്യൻ ഉപദ്വീപിൽ നല്ല മഴ ലഭിച്ചേക്കുമെന്നും എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കുന്നു.