ഇനി കുറഞ്ഞ നിരക്കിൽ സലാലയിലേക്ക്; ഖരീഫ് സീസണിലെ വിമാന നിരക്കുകൾ ഏകീകരിച്ച് ഒമാൻ
സലാലയിലെ ഖരീഫ് സീസൺ പ്രമാണിച്ച് മസ്‌കത്തിനും സലാലയ്ക്കും ഇടയിലുള്ള വിമാന നിരക്കുകൾ ഏകീകരിച്ചതായി ഒമാൻ ഗതാഗത, വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. സീസൺ സമയത്ത് വിമാന നിരക്ക് 90 ഒമാനി റിയാൽ വരെ ഉയരുന്നത് തടയാൻ പുതിയ 'Tiered Fixed-Pricing' മാതൃകയാണ് 2026 മുതൽ പ്രാബല്യത്തിൽ വരുന്നത്. യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം.
പുതിയ നിരക്ക് സംവിധാനം അനുസരിച്ച് മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് കൂടുതൽ ഇളവുകൾ ലഭിക്കും. യാത്രയ്ക്ക് ഒരു മാസം മുൻപ് ബുക്ക് ചെയ്യുന്നവർക്ക് 36 റിയാലാണ് നിരക്ക്. രണ്ടാഴ്ച മുൻപ് ബുക്ക് ചെയ്യുന്നവർക്ക് 46 റിയാലും, അവസാന നിമിഷം ടിക്കറ്റ് എടുക്കുന്നവർക്ക് പരമാവധി 57 റിയാലുമായിരിക്കും നിരക്ക്.
സലാലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തേകാനും സാധാരണക്കാരായ യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ യാത്ര ഉറപ്പാക്കാനുമാണ് മന്ത്രാലയം ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതോടെ ഖരീഫ് സീസണിലെ അമിത വിമാന നിരക്കിന് ശാശ്വതമായ പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്.
