ബഹ്‌റൈനിൽ നഴ്സറികൾക്കും കിന്റർഗാർട്ടനുകൾക്കും ഞായറാഴ്ച മുതൽ പ്രവർത്തനാനുമതി; സ്കൂളുകളിൽ ഓൺലൈൻ പഠനം തുടരും
ബഹ്‌റൈനിലെ നഴ്സറികൾക്കും കിന്റർഗാർട്ടനുകൾക്കും വരും ഞായറാഴ്ച മുതൽ പൂർണ്ണതോതിൽ പ്രവർത്തനം പുനരാരംഭിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന നടപടിക്രമങ്ങൾ പുതുക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ തീരുമാനം. രക്ഷിതാക്കളുടെ താൽപ്പര്യമനുസരിച്ച് കുട്ടികളെ നേരിട്ട് ക്ലാസുകളിലേക്ക് അയക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, മറ്റ് സർക്കാർ-സ്വകാര്യ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓൺലൈൻ വഴിയുള്ള ദൂരവിദ്യാഭ്യാസം തന്നെ തുടരും. നിലവിലെ അസാധാരണ സാഹചര്യത്തിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി പഠനവും മൂല്യനിർണ്ണയവും തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്ന സ്കൂളുകളുടെ സേവനത്തെ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമുഅ അഭിനന്ദിച്ചു.
വരുംദിവസങ്ങളിൽ രാജ്യത്തെ സാഹചര്യം വിലയിരുത്തിയ ശേഷം കൂടുതൽ ഇളവുകളെക്കുറിച്ചുള്ള അറിയിപ്പുകൾ നൽകുമെന്നും മന്ത്രാലയം അറിയിച്ചു. ചെറിയ കുട്ടികളുടെ പഠനവും സംരക്ഷണവും നേരിട്ട് ഉറപ്പാക്കുന്നതിനാണ് നഴ്സറികൾക്കും കിന്റർഗാർട്ടനുകൾക്കും മുൻഗണന നൽകിയിരിക്കുന്നത്.
