ഷാർജയിലെ നഴ്‌സറികൾ നാളെ മുതൽ തുറക്കും
ഷാർജയിലെ നഴ്‌സറികൾ ഏപ്രിൽ 16 വ്യാഴാഴ്ച മുതൽ കുട്ടികൾക്കായി വീണ്ടും തുറക്കുമെന്ന് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു. യുഎഇയിലുടനീളമുള്ള ഏർലി ചൈൽഡ്ഹുഡ് എജ്യുക്കേഷൻ സെന്ററുകൾ പഴയ നിലയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ നടപടി. സർക്കാർ സൗകര്യങ്ങളിലും വാണിജ്യ കെട്ടിടങ്ങളിലും പ്രവർത്തിക്കുന്ന നഴ്‌സറികളിലെ അധ്യാപകർക്കും ഭരണവിഭാഗം ജീവനക്കാർക്കും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള പ്രത്യേക പരിശീലനം പൂർത്തിയാക്കിയ ശേഷമായിരിക്കും പ്രവർത്തനം ആരംഭിക്കുക.
ഇതിന്റെ ഭാഗമായി സ്വകാര്യ സ്കൂളുകളിലെയും നഴ്‌സറികളിലെയും അധ്യാപകരും ജീവനക്കാരും ഏപ്രിൽ 15 ബുധനാഴ്ച മുതൽ ജോലിയിൽ പ്രവേശിക്കാനും നിർദ്ദേശമുണ്ട്. കുട്ടികൾ മടങ്ങിയെത്തുന്നതിന് മുൻപായി സ്കൂളുകളുടെ പ്രവർത്തനസജ്ജത ഉറപ്പാക്കാനാണ് ഈ നീക്കം. യുഎഇയിലെ നഴ്‌സറികൾ ഘട്ടംഘട്ടമായി തുറന്നുപ്രവർത്തിക്കുമെന്ന് എജ്യുക്കേഷൻ, ഹ്യൂമൻ റിസോഴ്‌സ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് കൗൺസിൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദുബായിലെ കെ.എച്ച്.ഡി.എയും (KHDA) സമാനമായ രീതിയിൽ നഴ്‌സറികളുടെ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ച് മാർച്ച് രണ്ട് മുതലായിരുന്നു യുഎഇയിലെ സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്. നിലവിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം. വരും ദിവസങ്ങളിൽ ഘട്ടംഘട്ടമായി കൂടുതൽ ഇളവുകൾ വിദ്യാഭ്യാസ മേഖലയിൽ പ്രതീക്ഷിക്കുന്നുണ്ട്.
