ഖുർആനിൽ തൊട്ട് സത്യപ്രതിജ്ഞ; ന്യൂയോർക്ക് മേയറായി അധികാരമേറ്റ് സൊഹ്‌റാൻ മംദാനി
ന്യൂയോർക്ക് സിറ്റിയുടെ മേയറായി സൊഹ്‌റാൻ മംദാനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതോടെ അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിന്റെ ഭരണത്തലപ്പത്തെത്തുന്ന ആദ്യ മുസ്‌ലിമും ഏഷ്യൻ വംശജനുമായി അദ്ദേഹം മാറി. കൂടാതെ, ന്യൂയോർക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന റെക്കോർഡും 34-കാരനായ മംദാനി സ്വന്തമാക്കി. മാൻഹട്ടനിലെ ചരിത്രപ്രസിദ്ധമായ സബ്‌വേ സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിറ്റ ജെയിംസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഖുർആനിൽ കൈവെച്ചാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.
ഭാര്യ റമാ ദുവാജിയും ചടങ്ങിൽ മംദാനിക്കൊപ്പം ഉണ്ടായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണിതെന്ന് അദ്ദേഹം പ്രതികരിച്ചു. ന്യൂയോർക്കിലെ പതിവനുസരിച്ച് രണ്ട് തവണയായാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ആദ്യത്തേത് സബ്‌വേയിൽ വെച്ചും രണ്ടാമത്തേത് സിറ്റി ഹാളിൽ പൊതുജനങ്ങൾക്ക് മുൻപാകെയുമാണ്. സിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ യുഎസ് സെനറ്റർ ബേണി സാൻഡേഴ്‌സാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക.
പ്രശസ്ത ചലച്ചിത്ര സംവിധായിക മീര നായരുടെയും ഉഗാണ്ടൻ അക്കാദമീഷ്യൻ മഹ്‌മൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാൻ മംദാനി. വാടക വർധന മരവിപ്പിക്കൽ, സൗജന്യ ബസ് സർവീസ്, സൗജന്യ ശിശുപരിപാലനം തുടങ്ങിയ സോഷ്യലിസ്റ്റ് വാഗ്ദാനങ്ങൾ നൽകിയാണ് അദ്ദേഹം ജനവിധി തേടിയത്. കുടിയേറ്റക്കാരെ ചേർത്തുപിടിച്ചും സാധാരണക്കാരുടെ പ്രശ്നങ്ങൾ ഏറ്റെടുത്തും മംദാനി നയിക്കുന്ന പുതിയ ഭരണകൂടത്തെ ലോകം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
