ഹോർമുസ് കടലിടുക്കിൽ നാവിക മൈൻ എന്ന് സംശയിക്കുന്ന വസ്തു; കപ്പലുകൾക്കും മത്സ്യത്തൊഴിലാളികൾക്കും ഒമാന്റെ അടിയന്തര ജാഗ്രതാ നിർദ്ദേശം
ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ നാവിക മൈൻ (കടലിൽ ഒഴുകിനടക്കുന്ന സ്ഫോടകവസ്തു) എന്ന് സംശയിക്കുന്ന വസ്തു കണ്ടെത്തി. ഒമാൻ സമുദ്രാതിർത്തിക്കുള്ളിലെ ഇൻഷോർ ട്രാഫിക് സോണിന് പടിഞ്ഞാറ് ഭാഗത്തായാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. ഇതേത്തുടർന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ (MSC) അടിയന്തര സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ഹുർമുസ് ജലപാതയിലൂടെ കടന്നുപോകുന്ന എല്ലാ അന്താരാഷ്ട്ര ചരക്കുകപ്പലുകളും, പ്രാദേശിക മത്സ്യത്തൊഴിലാളികളും കടൽയാത്രക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ ആവശ്യപ്പെട്ടു. ഈ സംശയാസ്പദമായ വസ്തുവിനെക്കുറിച്ച് കൂടുതൽ വ്യക്തത വരുന്നത് വരെ മേഖലയിൽ കർശന ജാഗ്രത തുടരണം. കടലിൽ ഇത്തരം അജ്ഞാത വസ്തുക്കൾ കണ്ടാൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും ഉടൻ തന്നെ കൺട്രോൾ റൂമിൽ വിവരമറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ആഗോളതലത്തിൽ എണ്ണ-വാതക കയറ്റുമതിയുടെ വലിയൊരു പങ്കും കടന്നുപോകുന്ന പാതയായതിനാൽ ഹോർമുസ് കടലിടുക്കിലെ നേരിയ ചലനങ്ങൾ പോലും അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. മേഖലയിൽ പ്രാദേശിക നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് സംഘർഷ സാധ്യത നിലനിൽക്കുന്നതിനിടെയാണ് പുതിയ സംഭവവികാസം.
അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കുമെന്ന് ഒമാനും ഇറാനും കഴിഞ്ഞ ദിവസം ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ഇറാൻ വിദേശകാര്യ മന്ത്രിയും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി സമുദ്ര സുരക്ഷ ഉറപ്പാക്കാൻ ഒന്നിച്ച് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കടലിടുക്കിൽ സുരക്ഷാ ഭീഷണിയായി അജ്ഞാത വസ്തു കണ്ടെത്തിയത്.
