യു.എ.ഇയിൽ ദുർഗന്ധത്തിന് കാരണം എണ്ണച്ചോർച്ച; ഉമ്മുൽ ഖുവൈനിലെ ബീച്ചുകൾ അടച്ചു

  1. Home
  2. International

യു.എ.ഇയിൽ ദുർഗന്ധത്തിന് കാരണം എണ്ണച്ചോർച്ച; ഉമ്മുൽ ഖുവൈനിലെ ബീച്ചുകൾ അടച്ചു

uaq oil spill


ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ തുടങ്ങിയ എമിറേറ്റുകളിൽ അനുഭവപ്പെട്ട ഇന്ധനത്തിന്റെ ശക്തമായ ദുർഗന്ധത്തിന് കാരണം കടലിലുണ്ടായ എണ്ണച്ചോർച്ചയാണെന്ന് യു.എ.ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (MOCCAE) സ്ഥിരീകരിച്ചു. ഉമ്മുൽ ഖുവൈൻ തീരത്തിന് സമീപം എണ്ണക്കപ്പലിൽ (ഓയിൽ ടാങ്കർ) നിന്നുണ്ടായ ചോർച്ചയാണ് തീരങ്ങളിലേക്ക് വ്യാപിച്ചത്.

സുരക്ഷാ-പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഉമ്മുൽ ഖുവൈനിലെ മുഴുവൻ ബീച്ചുകളും തീരപ്രദേശങ്ങളും താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. എന്നാൽ, അന്തരീക്ഷത്തിൽ വ്യാപിച്ച ദുർഗന്ധം കാരണം പൊതുജനങ്ങൾക്ക് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

എണ്ണച്ചോർച്ച ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ തദ്ദേശീയ-ഫെഡറൽ ഏജൻസികളുടെ നേതൃത്വത്തിൽ എണ്ണ നീക്കം ചെയ്യാനും പരിസ്ഥിതി ആഘാതം കുറയ്ക്കാനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. മേഖലയിൽ പരിശോധനകളും നിരീക്ഷണങ്ങളും തുടരുകയാണ്.  പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് കടൽയാത്രക്കാർക്കും മത്സ്യത്തൊഴിലാളികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.