ഹോർമൂസിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും ആക്രമണം; യുഎസ്എസ് തിയൊഡർ റൂസ്വെൽറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഹോർമൂസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും ആക്രമണമുണ്ടായി. ഒമാനിലെ ഖസബിന് സമീപമാണ് കപ്പലിന് നേരെ ആക്രമണം നടന്നത്. ആക്രമണത്തെത്തുടർന്ന് കപ്പലിന്റെ എൻജിൻ റൂമിന് തീപിടിച്ചെങ്കിലും കപ്പലിലുണ്ടായിരുന്ന ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഈ മാസം മാത്രം ഹോർമൂസ് കടലിടുക്കിൽ ആക്രമിക്കപ്പെടുന്ന പതിനൊന്നാമത്തെ എണ്ണക്കപ്പലാണിത്.
അതേസമയം, മേഖലയിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്കൻ വിമാനവാഹിനി കപ്പലായ 'യുഎസ്എസ് തിയൊഡർ റൂസ്വെൽറ്റ്' ഇന്ത്യൻ മഹാസമുദ്രത്തിൽ സെൻട്രൽ കമാൻഡിന്റെ പരിധിയിലെത്തി. കപ്പൽ മേഖലയിലെത്തിയതിന്റെ ചിത്രങ്ങൾ അമേരിക്കൻ സെൻട്രൽ കമാൻഡ് ഔദ്യോഗികമായി പുറത്തുവിട്ടു. ഇതിന് പുറമെ അമേരിക്കയുടെ മറ്റ് മൂന്ന് വിമാനവാഹിനി കപ്പലുകൾ കൂടി ഇതിനോടകം പശ്ചിമേഷ്യയിൽ നിലയുറപ്പിച്ചിട്ടുണ്ട്.
ഇറാൻ ഇലക്ട്രോണിക് യുദ്ധനീക്കങ്ങൾ സജീവമാക്കുന്നതിനിടയിലാണ് അമേരിക്കയുടെ ഈ നിർണ്ണായക സൈനിക നീക്കം. ഇലക്ട്രോണിക് വാർഫെയറിലൂടെ ഒൻപതാമത്തെ അമേരിക്കൻ ഡ്രോണിന്റെ നിയന്ത്രണം തങ്ങൾ സ്വന്തമാക്കിയതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. അമേരിക്കയുടെ 'എംക്യുഎം-170' (MQM-170) ഡ്രോണാണ് പിടിച്ചെടുത്തതെന്നാണ് ഇറാന്റെ വാദം. മറുവശത്ത്, ചെങ്കടലിലെ തന്ത്രപ്രധാനമായ ബാബ് അൽ മന്ദേബ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുത്തതായി ഹൂത്തി വിമതർ അവകാശപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദി അറേബ്യയ്ക്ക് നേരെ 88 മിസൈൽ ആക്രമണങ്ങൾ നടത്തിയെന്നും ഹൂത്തികൾ വെളിപ്പെടുത്തി. ഇതിന് തിരിച്ചടിയായി ഹൂത്തി കേന്ദ്രങ്ങൾക്ക് നേരെ യെമൻ സർക്കാർ സൈന്യം കനത്ത വ്യോമാക്രമണം നടത്തി.
