ഒമാൻ തീരത്ത് ആക്രമണത്തെ തുടർന്ന് എണ്ണക്കപ്പലിന് തീപിടിച്ചു; 23 ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു

  1. Home
  2. International

ഒമാൻ തീരത്ത് ആക്രമണത്തെ തുടർന്ന് എണ്ണക്കപ്പലിന് തീപിടിച്ചു; 23 ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു

oman


ഒമാൻ തീരത്തിന് സമീപം ആക്രമണത്തെ തുടർന്ന് തീപിടിച്ച എണ്ണക്കപ്പലിൽ നിന്നും 23 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. സൗത്ത് ഷർഖിയ ഗവർണറേറ്റ് തീരത്തിന് സമീപം വെച്ച് ലൈബീരിയൻ പതാകയുള്ള 'സ്റ്റോൾട്ട് മഗ്‌നീഷ്യം' എന്ന എണ്ണക്കപ്പലിനാണ് തീപിടിച്ചതെന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ (MSC) സ്ഥിരീകരിച്ചു. സൗത്ത് ഷർഖിയ തീരത്ത് നിന്നും ഏകദേശം 40 നോട്ടിക്കൽ മൈൽ അകലെ, ഒമാനി കടൽ അതിർത്തിക്ക് പുറത്തുവെച്ചാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നാലെ കപ്പലിന്റെ എൻജിൻ റൂമിൽ വൻ തീപിടിത്തമുണ്ടാവുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

അപകടവിവരമറിഞ്ഞ ഉടൻ തന്നെ ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്ററിന്റെ നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചു. തന്ത്രപരമായ നീക്കത്തിലൂടെ സമീപത്തുണ്ടായിരുന്ന മറ്റൊരു കപ്പലിലേക്ക് 23 ജീവനക്കാരെയും സുരക്ഷിതമായി മാറ്റുകയായിരുന്നു. രക്ഷപ്പെടുത്തിയ എല്ലാ ജീവനക്കാരും പൂർണ്ണ ആരോഗ്യവാന്മാരാണെന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു. ആക്രമണത്തിന്റെ സ്വഭാവത്തെക്കുറിച്ചോ കപ്പലിനുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ നിലവിൽ പുറത്തുവിട്ടിട്ടില്ല. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.