വാലന്റൈൻസ് ഡേ ആഘോഷം ഇത്തവണ ജയിലിൽ ആയാലോ?; ചോക്ലേറ്റും കേക്കും ഉൾപ്പെടെ ഭക്ഷണവും റെഡി

  1. Home
  2. International

വാലന്റൈൻസ് ഡേ ആഘോഷം ഇത്തവണ ജയിലിൽ ആയാലോ?; ചോക്ലേറ്റും കേക്കും ഉൾപ്പെടെ ഭക്ഷണവും റെഡി

jail


വാലന്റൈൻസ് ഡേ ആഘോഷിക്കാൻ തയാറെടുക്കുന്നവർക്ക് അല്പം വ്യത്യസ്തമായ ഓഫറാണ് യു.കെയിലെ ഓക്‌സ്ഫഡ് കാസിൽ മുന്നോട്ടുവച്ചിരിക്കുന്നത്.1000 വർഷം പഴക്കമുള്ള ഇവിടുത്തെ ജയിൽ സെല്ലിൽ ഡിന്നർ കഴിക്കാം. 215 ഡോളറാണ് ( ഏകദേശം 17,000 രൂപ ) ചെലവ്. മദ്ധ്യകാലഘട്ട നിർമ്മിതിയായ തടവറയിൽ കേക്കും ചോക്ലേറ്റും നോൺ വെജ് വിഭവങ്ങളുമടക്കം ഗംഭീര ഭക്ഷണ മെനുവാണ് സന്ദർശകർക്കായി തയാറാക്കിയിട്ടുള്ളത്. 

മേരി ബ്ലാൻഡി, ആൻ ഗ്രീൻ പോലുള്ള കുപ്രസിദ്ധ കൊലയാളികളെ പാർപ്പിച്ച ജയിൽ സെല്ലുകൾ ഡിന്നറിനായി തിരഞ്ഞെടുക്കാനും അവസരമുണ്ട്. 230 ഡോളർ (ഏകദേശം 19,000 രൂപ) മുടക്കിയാൽ ഇവിടുത്തെ 900 വർഷം പഴക്കമുള്ള ഭൂഗർഭ അറകളും തിരഞ്ഞെടുക്കാം. ഡിന്നറിനായി സെല്ലുകളിൽ മെഴുകുതിരികളും പൂക്കളും കൊണ്ട് അലങ്കരിച്ചിരിക്കും.

1073ൽ നിർമ്മിച്ച ഓക്‌സ്ഫഡ് കാസിലിന് 1642 - 1651 കാലഘട്ടത്തിലെ ഇംഗ്ലീഷ് ആഭ്യന്തര യുദ്ധങ്ങൾക്കിടെ കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നു. 1785ലാണ് ഇവിടം ജയിലാക്കി മാറ്റിയത്. 1996 വരെ അത് പ്രവർത്തിച്ചു. പിന്നാലെ ഓക്‌സ്ഫഡ് ജയിൽ ബ്രിട്ടണിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറുകയായിരുന്നു.