ഇന്ത്യയടക്കം പ്രധാന റൂട്ടുകളിൽ സൗജന്യ ചെക്ക് ഇൻ ബാഗേജുമായി ഒമാൻ എയർ; സൂപ്പർ സേവർ യാത്രക്കാർക്കും നേട്ടം
സേവന നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി ഇന്ത്യയടക്കമുള്ള പ്രധാന റൂട്ടുകളിൽ ടിക്കറ്റ് നിരക്കുകളിൽ വലിയ മാറ്റങ്ങളുമായി ഒമാൻ എയർ. കുറഞ്ഞ നിരക്കിലുള്ള 'സൂപ്പർ സേവർ' ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കും ഇനി മുതൽ സൗജന്യ ചെക്ക്-ഇൻ ബാഗേജ് ആനുകൂല്യം ലഭിക്കും. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, കെയ്റോ, മനില, ദാറുസ്സലാം, ബാഗ്ദാദ്, സാൻസിബാർ എന്നീ റൂട്ടുകളിലെ യാത്രക്കാർക്ക് ഈ ആനുകൂല്യം ലഭ്യമാകും.
പുതിയ പരിഷ്കാരം അനുസരിച്ച് 'സൂപ്പർ സേവർ' ഫെയറിൽ യാത്ര ചെയ്യുന്നവർക്ക് 20 കിലോ വരെ ചെക്ക്-ഇൻ ബാഗേജ് കൊണ്ടുപോകാം. മുമ്പ് ഈ വിഭാഗത്തിൽ ഹാൻഡ് ബാഗേജ് മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ഇതേ റൂട്ടുകളിൽ 'കംഫർട്ട്' ഫെയറിൽ 30 കിലോയും 'ഫ്ലെക്സ്' ഫെയറിൽ 40 കിലോയും ബാഗേജ് ഇനി മുതൽ അനുവദിക്കും. യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് ഒമാൻ എയറിന്റെ ഈ നടപടി.
യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനായി 'കാൻസൽ ഫോർ എനി റീസൺ' (CFAR) ഓപ്ഷനും മെച്ചപ്പെടുത്തിയ ട്രാവൽ ഇൻഷുറൻസും ഒമാൻ എയർ നേരത്തെ അവതരിപ്പിച്ചിരുന്നു. വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ ഫാസ്റ്റ്-ട്രാക്ക്, പ്രയോറിറ്റി ബോർഡിങ്, അധിക ലെഗ് റൂം തുടങ്ങിയ പത്തിലധികം ആഡ്-ഓൺ സേവനങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഇപ്പോൾ ലഭ്യമാണ്. വരും മാസങ്ങളിൽ പുതുക്കിയ ലോയൽറ്റി പ്രോഗ്രാം, കാബിൻ സൗകര്യങ്ങളിലെ മാറ്റങ്ങൾ, പുതിയ റൂട്ടുകൾ എന്നിവ കൂടി അവതരിപ്പിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു.
