താഷ്കെന്റിലേക്കും സിംഗപ്പൂരിലേക്കും സർവീസുകൾ ആരംഭിച്ച് ഒമാൻ എയർ
ഒമാനെ പുതിയ ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്നതിനുള്ള തന്ത്രപരമായ വിപുലീകരണത്തിന്റെ ഭാഗമായി ഉസ്ബെക്കിസ്ഥാൻ തലസ്ഥാനമായ താഷ്കെന്റിലേക്കും സിംഗപ്പൂരിലേക്കും നേരിട്ടുള്ള പുതിയ സർവീസുകൾ ഒമാൻ എയർ ആരംഭിച്ചു. മസ്കറ്റിനും താഷ്കെന്റിനുമിടയിൽ ആഴ്ചയിൽ രണ്ട് സർവീസുകളാണ് കമ്പനി നടത്തുക.
സമ്പന്നമായ ഇസ്‌ലാമിക പൈതൃകവും ചരിത്രപരമായ ആകർഷണങ്ങളുമുള്ള ഉസ്ബെക്കിസ്ഥാൻ വിനോദസഞ്ചാരത്തിന് ഏറെ അനുയോജ്യമായ ഇടമാണെന്നും, പുതിയ റൂട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ടൂറിസം, വ്യാപാരം, സാമ്പത്തിക-സാംസ്കാരിക കൈമാറ്റം എന്നിവ വർധിപ്പിക്കുമെന്നും ഒമാൻ എയർ വ്യക്തമാക്കി.
ഇതോടൊപ്പം മസ്കത്തിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള പുതിയ സർവീസിന്റെ ഉദ്ഘാടനവും ഒമാൻ എയർ ആഘോഷിച്ചു. ആഴ്ചയിൽ നാല് ദിവസമായിരിക്കും സിംഗപ്പൂരിലേക്ക് വിമാന സർവീസ് ഉണ്ടായിരിക്കുക. ഈ പുതിയ റൂട്ട് ഒമാനും സിംഗപ്പൂരും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്നാണ് എയർലൈൻസിന്റെ പ്രതീക്ഷ.
