ഒമാനിൽ ഫുഡ് ഡെലിവറി ബൈക്കുകൾക്ക് പ്രധാന റോഡുകളിൽ പൂർണ്ണ വിലക്ക്
ഒമാനിൽ ഫുഡ് ഡെലിവറി നടത്തുന്ന ഇരുചക്ര വാഹനങ്ങൾക്ക് പ്രധാന റോഡുകളിൽ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം പൂർണ്ണ വിലക്കേർപ്പെടുത്തി. ലോജിസ്റ്റിക്സ് മേഖലയിലെ ലേബർ മാർക്കറ്റ് റെഗുലേഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം പുറപ്പെടുവിച്ച പുതിയ മിനിസ്റ്റീരിയൽ സർക്കുലർ വഴിയാണ് ഉത്തരവ് പുറത്തിറക്കിയത്. ഡെലിവറി ബൈക്ക് യാത്രക്കാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് ഈ അടിയന്തര നടപടി. റോയൽ ഒമാൻ പൊലീസിന്റെ ട്രാഫിക് നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷൻസ് ആർട്ടിക്കിൾ (39) പ്രകാരമാണ് ഈ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രധാന ഹൈവേകളിലെ അമിതവേഗത കാരണം ഡെലിവറി ബൈക്കുകൾ ഗുരുതരമായ അപകടങ്ങളിൽ പെടുന്നത് തടയാനാണ് ഇതെന്നും അധികൃതർ വ്യക്തമാക്കി. ഇനി മുതൽ ഫുഡ് ഡെലിവറി ബൈക്കുകൾ സർവീസിനായി ഇന്നർ റോഡുകളും (Inner Roads) സെക്കൻഡറി റോഡുകളും (Secondary Roads) മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് ട്രാഫിക് നിയമലംഘനത്തിന് കടുത്ത പിഴ ചുമത്തുകയും ബൈക്കുകൾ പിടിച്ചെടുക്കുകയും ചെയ്യും.
ഫുഡ് ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികളും റസ്റ്റോറന്റ് ഉടമകളും തങ്ങളുടെ ഡ്രൈവർമാരെ ഈ പുതിയ നിയമത്തെക്കുറിച്ച് ബോധവൽക്കരിക്കണമെന്ന് മന്ത്രാലയം കർശനമായി നിർദ്ദേശിച്ചു. ഒമാനിൽ ഡെലിവറി ജീവനക്കാർക്ക് നേരത്തെ തന്നെ പ്രത്യേക പ്രഫഷനൽ ലൈസൻസ് നിർബന്ധമാക്കിയിരുന്നു.
