സ്രാവുകളുടെ ഇറക്കുമതിക്ക് ഒമാനിൽ ആറ് മാസത്തേക്ക് വിലക്ക്
ഒമാനിൽ എല്ലാത്തരം സ്രാവുകളുടെയും ഇറക്കുമതി പെർമിറ്റുകൾ ആറ് മാസത്തേക്ക് താൽക്കാലികമായി നിർത്തിവെച്ച് പരിസ്ഥിതി അതോറിറ്റി. ജൂലൈ 29 മുതൽ അടുത്ത വർഷം ജനുവരി 29 വരെയാണ് ഈ നിരോധനം പ്രാബല്യത്തിലുണ്ടാവുക.
വംശനാശഭീഷണി നേരിടുന്ന ജീവികളുടെ അന്താരാഷ്ട്ര വ്യാപാരം സംബന്ധിച്ച സൈറ്റസ് (CITES) കൺവെൻഷന്റെ അനുബന്ധങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതോ അല്ലാത്തതോ ആയ എല്ലാത്തരം സ്രാവുകൾക്കും അവയുടെ ഉൽപന്നങ്ങൾക്കും ഈ തീരുമാനം ബാധകമാണ്.
സ്രാവുകളുമായി ബന്ധപ്പെട്ട ഇറക്കുമതി നടപടിക്രമങ്ങൾ പുനഃക്രമീകരിക്കുന്നതിനും, ഒമാന്റെ ദേശീയ നിയമങ്ങളും അന്താരാഷ്ട്ര സൈറ്റസ് കൺവെൻഷൻ വ്യവസ്ഥകളും കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ നടപടിയെന്ന് പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി.
