ഒമാനിൽ കിങ് ഫിഷ് പിടിക്കുന്നതിനും വിൽക്കുന്നതിനും നിരോധനം
ഒമാൻ തീരങ്ങളിൽ കിങ് ഫിഷ് പിടിക്കുന്നതിനും കൈവശം വെക്കുന്നതിനും വിൽക്കുന്നതിനും രണ്ടു മാസത്തെ താൽക്കാലിക നിരോധനം ഏർപ്പെടുത്തുന്നു. ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെയാണ് നിരോധനമെന്ന് അധികൃതർ അറിയിച്ചു. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും മത്സ്യബന്ധന മേഖലയുടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനുമാണ് നടപടി.
മിനിസ്റ്റീരിയൽ ഡിസിഷൻ 70/2026 പ്രകാരം സജീവ ജലവിഭവ നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷൻസിലെ ആർട്ടിക്കിൾ 178 അനുസരിച്ചാണ് ഈ താൽക്കാലിക നിരോധനമെന്ന് കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ കിങ് ഫിഷ് സ്റ്റോക്കുള്ള വ്യക്തികളും കമ്പനികളും തങ്ങളുടെ പക്കലുള്ള മത്സ്യത്തിന്റെ അളവ് ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് രജിസ്റ്റർ ചെയ്യണം. മത്സ്യബന്ധന സമ്മർദം കുറയ്ക്കുക, പ്രജനന കാലയളവിൽ മത്സ്യസമ്പത്ത് സംരക്ഷിക്കുക, സ്വാഭാവിക പുനരുൽപാദനം വർധിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിൽ വലിയ ഡിമാൻഡുള്ള ഒമാനിലെ പ്രധാന മത്സ്യയിനമാണ് കിങ് ഫിഷ്.
2025-ലെ കണക്കുകൾ പ്രകാരം 44.422 ദശലക്ഷം ഒമാനി റിയാൽ മൂല്യമുള്ള 19,743 ടൺ കിങ് ഫിഷാണ് ഒമാൻ വിപണിയിലെത്തിച്ചത്. ഇതിൽ 83.47 ശതമാനവും അൽ വുസ്ത, തെക്കൻ ശർഖിയ എന്നീ ഗവർണറേറ്റുകളിൽ നിന്നാണ്. നിരോധനം എല്ലാവരും കൃത്യമായി പാലിക്കണമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നിയമനടപടികളും പിഴയും ചുമത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
