ഒമാനിൽ ഓറഞ്ച് കാർഡ് ഫീസ് കുറച്ചു; ഇനി മുതൽ ഒരു റിയാൽ മാത്രം

  1. Home
  2. International

ഒമാനിൽ ഓറഞ്ച് കാർഡ് ഫീസ് കുറച്ചു; ഇനി മുതൽ ഒരു റിയാൽ മാത്രം

oman orange card


ഒമാനിൽ വാഹനങ്ങൾക്കുള്ള 'ഓറഞ്ച് കാർഡ്' മോട്ടോർ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ഫീസ് കുറച്ചു. സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള തുക രണ്ട് റിയാലിൽ നിന്ന് ഒരു റിയാലായി കുറയ്ക്കാനാണ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി (FSA) ഇൻഷുറൻസ് കമ്പനികൾക്ക് നിർദ്ദേശം നൽകിയത്. പൊതുതാൽപ്പര്യം മുൻനിർത്തിയും പോളിസി ഉടമകൾക്ക് കുറഞ്ഞ നിരക്കിൽ സേവനം ഉറപ്പാക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് അതോറിറ്റി വ്യക്തമാക്കി.

പുതുക്കിയ നിരക്ക് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ജിസിസി രാജ്യങ്ങൾ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളുടെ അതിർത്തികൾ കടന്ന് യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് ഓറഞ്ച് കാർഡ് നിർബന്ധമാണ്. ഇൻഷുറൻസ് പരിരക്ഷ മറ്റൊരു രാജ്യത്തേക്ക് കൂടി വ്യാപിപ്പിക്കുന്നതിനുള്ള ഔദ്യോഗിക രേഖയാണിത്.

എല്ലാ ഇൻഷുറൻസ് കമ്പനികളും പുതിയ ഫീസ് ഘടന എത്രയും വേഗം നടപ്പിലാക്കണമെന്നും ഇതിനാവശ്യമായ സാങ്കേതിക മാറ്റങ്ങൾ വരുത്തണമെന്നും എഫ്എസ്എ അറിയിച്ചു. അതിർത്തി കടന്നുള്ള യാത്രക്കാർക്ക് പുതിയ തീരുമാനം വലിയ ആശ്വാസമാകും.