പൗരത്വ അപേക്ഷയ്ക്കും പൗരത്വം ഉപേക്ഷിക്കാനും ഫീസ് ഏർപ്പെടുത്തി ഒമാൻ; പുതിയ നിയമം പ്രാബല്യത്തിൽ

  1. Home
  2. International

പൗരത്വ അപേക്ഷയ്ക്കും പൗരത്വം ഉപേക്ഷിക്കാനും ഫീസ് ഏർപ്പെടുത്തി ഒമാൻ; പുതിയ നിയമം പ്രാബല്യത്തിൽ

oman


ഒമാൻ പൗരത്വത്തിനുള്ള അപേക്ഷകൾക്കും പൗരത്വം പിൻവലിക്കുന്നതിനും പുതിയ ഫീസ് നിരക്കുകൾ ഏർപ്പെടുത്തി സുൽത്താനേറ്റ് ഓഫ് ഒമാൻ. ഒമാനി പൗരത്വത്തിനായുള്ള അപേക്ഷയ്ക്ക് 600 റിയാലും, പൗരത്വം ഉപേക്ഷിക്കുന്നതിനായുള്ള അപേക്ഷയ്ക്ക് 200 റിയാലുമാണ് പുതുതായി നിശ്ചയിച്ചിട്ടുള്ള ഫീസ്. 2026 ജനുവരി 4 മുതൽ പുതിയ ഫീസ് ഘടന പ്രാബല്യത്തിൽ വന്നു.

ഒമാനി പൗരന്മാരെ വിവാഹം കഴിച്ച വിദേശ സ്ത്രീകൾ, ഒമാനികളുടെ വിധവകൾ അല്ലെങ്കിൽ വിവാഹമോചിതരായ വിദേശികൾ, ഒമാനി സ്ത്രീകളുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾ എന്നിവർ സമർപ്പിക്കുന്ന അപേക്ഷകൾക്കും ഈ ഫീസ് ബാധകമായിരിക്കും. പൗരത്വത്തിനായുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ നിലവിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

അതേസമയം, പൗരത്വ നിയമത്തിലെ വ്യവസ്ഥകൾ ഒമാൻ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. വിദേശികൾക്ക് പൗരത്വത്തിന് അപേക്ഷിക്കണമെങ്കിൽ കുറഞ്ഞത് 15 വർഷം തുടർച്ചയായി രാജ്യത്ത് താമസിച്ചവരായിരിക്കണം. കൂടാതെ, അറബി ഭാഷയിൽ എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യം, സൽസ്വഭാവ സർട്ടിഫിക്കറ്റ് എന്നിവയും നിർബന്ധമാണ്. അപേക്ഷകളിൽ തെറ്റായ വിവരങ്ങളോ വ്യാജ രേഖകളോ നൽകുന്നത് കണ്ടെത്തിയാൽ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.