സൈബറിടങ്ങൾ സുരക്ഷിതമാക്കാൻ പുതിയ ദേശീയ സൈബർ സുരക്ഷാനയവുമായി ഒമാൻ
സൈബർ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഒമാൻ പുതിയ ദേശീയ സൈബർ സുരക്ഷാനയം പുറത്തിറക്കി. സർക്കാർ, സ്വകാര്യ മേഖലകളുമായി സഹകരിച്ചാണ് ഈ നയം രൂപീകരിച്ചിട്ടുള്ളത്. ശക്തമായ ഭരണസംവിധാനം, പൊതുജനവിശ്വാസം വർദ്ധിപ്പിക്കൽ, പ്രാദേശിക പ്രതിഭകൾക്ക് പരിശീലനം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, അന്താരാഷ്ട്ര സഹകരണം വളർത്തൽ എന്നിവയിലൂടെ ഒമാന്റെ സൈബർ ഇടങ്ങളെ സുരക്ഷിതമാക്കുകയാണ് ഈ നയം ലക്ഷ്യമിടുന്നത്.
സൈബർ സുരക്ഷയെ കേവലം സുരക്ഷാ മാനദണ്ഡമായി മാത്രമല്ല, ദേശീയ സുരക്ഷാ മുൻഗണനയായും രാജ്യത്തിന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുന്ന നിക്ഷേപ മേഖലയായും മാറ്റാൻ പുതിയ നയത്തിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
