ഉപയോഗിച്ച വാഹന സ്പെയർ പാർട്‌സുകൾക്ക് വാറന്റി നിർബന്ധമാക്കി ഒമാൻ; ലംഘിച്ചാൽ കടുത്ത പിഴ
ഒമാനിൽ ഉപയോഗിച്ച വാഹന സ്പെയർ പാർട്‌സുകളുടെ വ്യാപാരത്തിനും വർക്ക്‌ഷോപ്പുകൾക്കും കർശന നിയന്ത്രണങ്ങളുമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CPA). ഇനി മുതൽ ഉപയോഗിച്ച സ്പെയർ പാർട്‌സുകൾ വിൽക്കുമ്പോൾ ഉപഭോക്താക്കൾക്ക് കൃത്യമായ വാറന്റിയും ഇൻവോയ്‌സും നൽകണമെന്ന് അതോറിറ്റി ചെയർമാൻ സുലൈം ബിൻ അലി അൽ ഹിക്മാനി പുറപ്പെടുവിച്ച പുതിയ ഉത്തരവിൽ വ്യക്തമാക്കി.
വാഹനങ്ങളിൽ അറ്റകുറ്റപ്പണികളോ സ്പെയർ പാർട്‌സ് മാറ്റങ്ങളോ നടത്തുന്നതിന് മുൻപായി വർക്ക്‌ഷോപ്പുകൾ ഉപഭോക്താക്കളിൽ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങിയിരിക്കണം. കൂടാതെ, സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ചില സുപ്രധാന സ്പെയർ പാർട്‌സുകളുടെ വിൽപന പൂർണമായി നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് ആദ്യഘട്ടത്തിൽ 1,000 ഒമാനി റിയാൽ വരെ പിഴ ചുമത്തും. കുറ്റം ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാകും. ലംഘനം തുടരുന്ന ഓരോ ദിവസത്തിനും 50 റിയാൽ വീതം അധിക പിഴ ഈടാക്കുമെന്നും പരമാവധി പിഴത്തുക 2,000 റിയാൽ വരെയായിരിക്കുമെന്നും അധികൃതർ അറിയിച്ചു. പുതിയ തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിൽ വരും.
