ഒമാൻ ദേശീയദിന അവധിക്കാലം: മിക്ക ഗവർണറേറ്റുകളിലും തെളിഞ്ഞ കാലാവസ്ഥ; ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത
ഒമാനിൽ ദേശീയദിന അവധി ദിനങ്ങൾ ആയ നവംബർ 26 മുതൽ 29 വരെ മിക്ക ഗവർണറേറ്റുകളിലും പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ കാലാവസ്ഥ പ്രവചനത്തിൽ പറയുന്നു.ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. മുസന്ദം, വടക്കൻ ബാത്തിന ഗവർണുകളിലാണ് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ളത്.
സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പ്രവചനമനുസരിച്ച് പകൽ സമയത്ത് താപനില കുറവായിരിക്കും. മിക്ക ഗവർണറേറ്റുകളിലും പരമാവധി താപനില 25 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. പർവതപ്രദേശങ്ങളിൽ തണുപ്പ് അനുഭവപ്പെടും. ഇവിടുത്തെ താപനില, 10 മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും.
അവധിക്കാല യാത്ര പ്ലാൻ ചെയ്യുന്ന താമസക്കാരും വിനോദസഞ്ചാരികളും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് നാഷണൽ ഏർലി വാണിംഗ് സെന്റർ ഫോർ മൾട്ടി-ഹാസാർഡ് മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് മലകയറ്റം പോലെയുള്ള സാഹസിക വിനോദസഞ്ചാര പ്രവർത്തികളിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
