ഹോർമുസ് കടലിടുക്കിൽ പുതിയ ട്രാൻസിറ്റ് ഫീസുകളുണ്ടാകില്ലെന്ന് ഒമാൻ; ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കും
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഭാവിയിൽ യാതൊരുവിധ ട്രാൻസിറ്റ് ഫീസും ഏർപ്പെടുത്തില്ലെന്ന് ഒമാൻ വ്യക്തമാക്കി. ബഹ്‌റൈനിൽ നടന്ന ജി.സി.സി - യു.എസ് സംയുക്ത മന്ത്രിതല യോഗത്തിലാണ് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി ഇക്കാര്യം അറിയിച്ചത്. യു.എൻ കടൽ നിയമ ഉടമ്പടികൾ പൂർണ്ണമായി പാലിച്ചുകൊണ്ട്, കപ്പലുകൾക്ക് അധിക നിരക്കുകളില്ലാതെ സ്വതന്ത്രമായി കടന്നുപോകാനുള്ള അവകാശം ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഹോർമുസ് കടലിടുക്കിൽ പുതിയ നിരക്കുകളോ നിയന്ത്രണങ്ങളോ വരുമോ എന്ന ആഗോള ഊർജ്ജ വിപണിയുടെ ആശങ്കകൾക്ക് വിരാമമിടുന്നതാണ് ഒമാന്റെ ഈ പ്രഖ്യാപനം. കടലിടുക്കിന്റെ അതിർത്തി പങ്കിടുന്ന ഇറാനുമായി നാവിക സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഒമാൻ നിലപാട് വ്യക്തമാക്കിയത്.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഗൾഫ് വിദേശകാര്യ മന്ത്രിമാരും പങ്കെടുത്ത മനാമയിലെ യോഗത്തിൽ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും സാമ്പത്തിക സഹകരണവും പ്രധാന ചർച്ചയായി. കൂടാതെ, മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് യു.എസും ഇറാനും തമ്മിൽ അടുത്തിടെ ഒപ്പുവെച്ച ധാരണാപത്രത്തിന് ഒമാൻ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
