ബഹ്‌റൈൻ, കുവൈത്ത് ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഒമാൻ; മേഖലയിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം
ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങൾക്ക് നേരെയുണ്ടായ സൈനിക ആക്രമണങ്ങളെയും ഹോർമുസ് കടലിടുക്കിൽ സൗദി അറേബ്യ, ഖത്തർ രാജ്യങ്ങളുടെ വാണിജ്യ കപ്പലുകൾക്ക് നേരെ നടന്ന അക്രമങ്ങളെയും ഒമാൻ സുൽത്താനേറ്റ് ശക്തമായി അപലപിച്ചു. മിഡിൽ ഈസ്റ്റിലെ സൈനിക നീക്കങ്ങൾ അടിയന്തിരമായി നിർത്തിവെക്കണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ബഹ്‌റൈൻ, കുവൈത്ത് എന്നീ സൗഹൃദ രാഷ്ട്രങ്ങളുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും ദേശീയ താല്പര്യങ്ങൾക്കും ഒമാൻ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. നിലവിലെ സൈനിക സംഘർഷങ്ങൾ സമുദ്ര സുരക്ഷയെയും രാജ്യാന്തര വ്യാപാര സ്വാതന്ത്ര്യത്തെയും ആഗോള ഊർജ്ജ വിതരണത്തെയും ബാധിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സിവിലിയൻ-വാണിജ്യ കപ്പലുകളെ അപകടത്തിലാക്കുന്ന ഒരു നടപടിയും അംഗീകരിക്കില്ലെന്നും അന്താരാഷ്ട്ര കപ്പൽ ഗതാഗത റൂട്ടുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഒമാൻ വ്യക്തമാക്കി. എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്നും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും സുൽത്താനേറ്റ് അഭ്യർത്ഥിച്ചു.
