വ്യാജ നികുതി റീഫണ്ട് എസ്.എം.എസ് തട്ടിപ്പിനെതിരെ പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പുമായി ഒമാൻ നികുതി അതോറിറ്റി

  1. Home
  2. International

വ്യാജ നികുതി റീഫണ്ട് എസ്.എം.എസ് തട്ടിപ്പിനെതിരെ പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പുമായി ഒമാൻ നികുതി അതോറിറ്റി

oman tax


നികുതി റീഫണ്ടിന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ എസ്.എം.എസ് സന്ദേശങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് കർശന ജാഗ്രതാ നിർദ്ദേശവുമായി ഒമാൻ നികുതി അതോറിറ്റി. നികുതി റീഫണ്ട് അപേക്ഷകൾ അംഗീകരിച്ചതായും, സന്ദേശത്തോടൊപ്പമുള്ള വെബ്‌സൈറ്റ് ലിങ്ക് വഴി 48 മണിക്കൂറിനുള്ളിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സ്ഥിരീകരിക്കണമെന്നുമാണ് തട്ടിപ്പുകാർ അയക്കുന്ന വ്യാജ സന്ദേശങ്ങളിൽ പറയുന്നത്. നിശ്ചിത സമയത്തിനുള്ളിൽ വിവരങ്ങൾ നൽകിയില്ലെങ്കിൽ റീഫണ്ട് നഷ്ടമാകുമെന്ന് സന്ദേശത്തിൽ ഭീഷണിപ്പെടുത്തുന്നുമുണ്ട്. നികുതി റീഫണ്ടിന് അർഹതയുണ്ടെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ച് വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യിപ്പിക്കുകയും, അതിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി പണം തട്ടിയെടുക്കുകയുമാണ് സൈബർ തട്ടിപ്പുകാരുടെ ലക്ഷ്യം.

തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് 'taxoman.gov.om' മാത്രമാണെന്ന് വ്യക്തമാക്കിയ നികുതി അതോറിറ്റി, നികുതി റീഫണ്ട് വാഗ്ദാനം ചെയ്തുകൊണ്ട് വരുന്ന അനാവശ്യ സന്ദേശങ്ങളോട് അതീവ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ചു. സംശയാസ്പദമായ ഇലക്ട്രോണിക് ലിങ്കുകൾ തുറക്കരുതെന്നും, അപരിചിതമായ ഉറവിടങ്ങളിൽ നിന്നുള്ള സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും, വിശ്വാസയോഗ്യമല്ലാത്ത വെബ്‌സൈറ്റുകളിലൂടെ വ്യക്തിഗത വിവരങ്ങളോ ബാങ്ക് വിവരങ്ങളോ കൈമാറരുതെന്നും അതോറിറ്റി നിർദ്ദേശിച്ചു.

ഇത്തരത്തിലുള്ള സംശയാസ്പദമായ ലിങ്കുകൾ തുറക്കുകയോ അവയിലൂടെ ബാങ്ക് വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്തവർ ഉടൻ തന്നെ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സെന്റർ ഫോർ ഇൻഫർമേഷൻ സെക്യൂരിറ്റിയുടെ ഹോട്ട്‌ലൈൻ നമ്പറായ 24685000-ലോ, റോയൽ ഒമാൻ പോലീസിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ 80077444 എന്ന നമ്പറിലോ വിവരം അറിയിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.