കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ ഒമാൻ ടെലികോം അതോറിറ്റി; പൊതുജന സംവാദം സംഘടിപ്പിക്കുന്നു

  1. Home
  2. International

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ ഒമാൻ ടെലികോം അതോറിറ്റി; പൊതുജന സംവാദം സംഘടിപ്പിക്കുന്നു

TRA


കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പുതിയ നിയന്ത്രണ ചട്ടക്കൂട് രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി പൊതുജനങ്ങളുമായി സംവാദം സംഘടിപ്പിക്കാൻ ഒമാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി (TRA). ഡിജിറ്റൽ ലോകത്ത് കുട്ടികൾ നേരിടുന്ന സുരക്ഷാ ഭീഷണികളും വെല്ലുവിളികളും ചർച്ച ചെയ്യാനും പ്രതിരോധ മാർഗ്ഗങ്ങൾ രൂപീകരിക്കാനുമാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.

‘ഡിജിറ്റൽ പരിസ്ഥിതിയിൽ കുട്ടികളുടെ സംരക്ഷണത്തിനായുള്ള ക്രിയാത്മക സംവാദം’ എന്ന പേരിൽ ബുധനാഴ്ച (ഒക്ടോബർ 28) നടക്കുന്ന പരിപാടിയിൽ രക്ഷിതാക്കൾ, അക്കാദമിക് വിദഗ്ധർ, ടെലികോം സേവന ഉപയോക്താക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവർക്ക് പങ്കെടുക്കാം. ഡിജിറ്റൽ യുഗത്തിലെ രക്ഷാകർതൃത്വം, കുട്ടികൾക്കുള്ള സുരക്ഷാ ബോധവൽക്കരണം, തദ്ദേശീയ ഡിജിറ്റൽ ഉള്ളടക്കങ്ങളുടെ വികസനം, ഓൺലൈൻ അപകടങ്ങൾ തുടങ്ങിയ പ്രധാന വിഷയങ്ങളാണ് ചർച്ചകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമാക്കാൻ എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്ന് അതോറിറ്റി അറിയിച്ചു. പൊതുജനങ്ങളിൽ നിന്നും വിദഗ്ധരിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാകും ഭാവിയിലെ നയങ്ങളും നിയന്ത്രണങ്ങളും രൂപീകരിക്കുക. പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് അതോറിറ്റി നൽകിയിട്ടുള്ള ഔദ്യോഗിക ലിങ്ക് (https://eqp.datamining.om/estebyan/52c69af8e8454600ba9e6c050515f642) വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.