ഒമാനിൽ ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്ക് ഒക്ടോബർ ഒന്ന് മുതൽ 0% വാറ്റ്
ജീവിതച്ചെലവ് കുറയ്ക്കുന്നതിനും ആരോഗ്യം, കൃഷി, കന്നുകാലി മേഖലകൾക്ക് പിന്തുണ നൽകുന്നതിനുമായി ഒമാനിൽ കൂടുതൽ ഉൽപ്പന്നങ്ങൾക്ക് പൂർണ്ണമായും വാറ്റ് ഒഴിവാക്കുന്നു. ഭക്ഷ്യവസ്തുക്കൾ, മനുഷ്യരുടെയും മൃഗങ്ങളുടെയും ഉപയോഗത്തിനുള്ള മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്കാണ് നികുതി ഒഴിവാക്കിയത്. ടാക്സ് അതോറിറ്റിയുടെ പുതിയ തീരുമാനം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
പശു, ആട്, കോഴി തുടങ്ങിയ വളർത്തുമൃഗങ്ങളും മാംസം, മത്സ്യം, പാൽ ഉൽപ്പന്നങ്ങൾ, മുട്ട, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങി നിരവധി അടിസ്ഥാന ഭക്ഷ്യവസ്തുക്കളും നികുതിയിളവ് ലഭിക്കുന്ന പട്ടികയിലുണ്ട്. ആരോഗ്യമേഖലയിലെ ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ആന്റിബയോട്ടിക്കുകൾ, വാക്സിനുകൾ, ഹോർമോണുകൾ, രക്തസീറം, കുട്ടികൾക്കുള്ള ഫോർമുല ഭക്ഷണം, പുകവലി നിർത്താനുള്ള പാച്ചുകൾ ഉൾപ്പെടെയുള്ള എല്ലാ ഔഷധ ഉൽപ്പന്നങ്ങൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും 0% വാറ്റ് ആയിരിക്കും.
കൂടാതെ കൃഷി, കന്നുകാലി മേഖലകളെ സഹായിക്കാൻ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയത്തിന്റെ പെർമിറ്റുള്ള വെറ്ററിനറി മരുന്നുകൾ, വാക്സിനുകൾ, പോഷക സപ്ലിമെന്റുകൾ, ചികിത്സാ ഉപകരണങ്ങൾ എന്നിവയും വാറ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കസ്റ്റംസ് താരിഫ് കോഡുകളുടെ അടിസ്ഥാനത്തിൽ തരംതിരിച്ച പട്ടികപ്രകാരം പുതിയ നിർദ്ദേശങ്ങൾ ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്നതോടെ 2021-ലെ പഴയ അഡ്മിനിസ്ട്രേറ്റീവ് ഉത്തരവുകൾ റദ്ദാക്കപ്പെടും.
