ഒമാനി ക്വാളിറ്റി മാർക്ക്: ലൈസൻസ് നിർബന്ധമാക്കി മന്ത്രാലയം; മാർച്ച് മുതൽ പരിശോധന കർശനം
ഒമാൻ വിപണിയിലെ ഉൽപ്പന്നങ്ങളിൽ 'ഒമാനി ക്വാളിറ്റി മാർക്ക്' (Omani Quality Mark) ഉപയോഗിക്കുന്നതിന് നിർമ്മാതാക്കളും ഇറക്കുമതിക്കാരും വിതരണക്കാരും നിർബന്ധമായും ലൈസൻസ് എടുക്കണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുമാണ് ഈ നീക്കം.
ലൈസൻസ് നേടാനോ പുതുക്കാനോ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ അംഗീകൃത കൺഫോർമിറ്റി അസസ്‌മെന്റ് ഏജൻസികൾ വഴി 'ഹസം' (Hazm) പ്ലാറ്റ്‌ഫോം മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഉൽപ്പന്നങ്ങൾ നിശ്ചിത ദേശീയ മാനദണ്ഡങ്ങളും സാങ്കേതിക ചട്ടങ്ങളും പാലിക്കുന്നുണ്ടെന്നും നിർമ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും കൃത്യമായ ഗുണനിലവാര നിയന്ത്രണമുണ്ടെന്നും ഉറപ്പാക്കുന്ന ഔദ്യോഗിക അംഗീകാരമാണിത്.
2026 മാർച്ച് ഒന്നുമുതൽ ഈ നിർദ്ദേശം കർശനമായി നടപ്പിലാക്കും. ഇതിനുശേഷം രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലും (Ports) ഉൽപ്പന്നങ്ങളുടെ ഗുണനിലവാര മുദ്ര പരിശോധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ദേശീയ ഉൽപ്പന്നങ്ങളുടെ ആഗോള സ്വീകാര്യത വർദ്ധിപ്പിക്കാൻ ഈ പരിഷ്കാരം സഹായിക്കും.
