ഒമാൻ ദേശീയ ദിനാഘോഷം; 344 തടവുകാർക്ക് പൊതുമാപ്പ് അനുവദിച്ച് സുൽത്താൻ

  1. Home
  2. International

ഒമാൻ ദേശീയ ദിനാഘോഷം; 344 തടവുകാർക്ക് പൊതുമാപ്പ് അനുവദിച്ച് സുൽത്താൻ

Oman sultan


ഒമാന്റെ 56-ാം ദേശീയ ദിനത്തോടനുബന്ധിച്ച് 344 തടവുകാർക്ക് പൊതുമാപ്പ് അനുവദിച്ച് സുൽത്താൻ ഹൈതം ബിൻ താരിക്. തടവുകാരുടെയും അവരുടെ കുടുംബങ്ങളുടെയും സാഹചര്യം പരിഗണിച്ച് മാനുഷിക പരിഗണനയുടെ ഭാഗമായാണ് നടപടി. ഒമാൻ ന്യൂസ് ഏജൻസിയാണ് വ്യാഴാഴ്ച ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്ത് നാല് ദിവസത്തെ ഔദ്യോഗിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 25, 26 തീയതികളിലാണ് ഔദ്യോഗിക അവധി. വെള്ളി, ശനി വാരാന്ത്യ അവധികൾ കൂടി ചേരുന്നതോടെ നവംബർ 28 വരെ തുടർച്ചയായി നാല് ദിവസത്തെ അവധി ലഭിക്കും. നവംബർ 29 ഞായറാഴ്ച ഓഫീസുകളും സ്ഥാപനങ്ങളും വീണ്ടും പ്രവർത്തനം ആരംഭിക്കും.

അൽ ബുസൈദി രാജവംശം സ്ഥാപിതമായതിന്റെ ഓർമ പുതുക്കിയാണ് എല്ലാ വർഷവും നവംബർ 20ന് ഒമാൻ ദേശീയ ദിനം ആഘോഷിക്കുന്നത്. രാജ്യത്തിന്റെ ചരിത്രവും പൈതൃകവും വിളിച്ചോതുന്ന വിവിധ സാംസ്‌കാരിക പരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ നേതൃത്വത്തിൽ ഒമാൻ വിഷൻ 2040 പദ്ധതിയിലൂടെ സാമ്പത്തിക വൈവിധ്യവത്കരണത്തിനും യുവജന ശാക്തീകരണത്തിനും ഊന്നൽ നൽകി രാജ്യത്ത് വികസന പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.

ഒമാന്റെ ദേശീയ ദിനാഘോഷങ്ങളിൽ യുഎഇയും പങ്കുചേരുകയാണ്. ഇതിന്റെ ഭാഗമായി നവംബർ 21 ശനിയാഴ്ച ദുബായ് ഗ്ലോബൽ വില്ലേജിൽ പ്രത്യേക ആഘോഷങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. അന്നേദിവസം 4,000 ഒമാൻ പൗരന്മാർക്ക് ഗ്ലോബൽ വില്ലേജിലേക്ക് സൗജന്യ പ്രവേശനവും പ്രഖ്യാപിച്ചിട്ടുണ്ട്.