ഒമാൻ ദേശീയ ദിന നിറവിൽ; 'വിഷൻ 2040' ലക്ഷ്യങ്ങളിലേക്ക് സുവർണ്ണ കുതിപ്പ്
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ സമ്പൂർണ്ണ വികസനത്തിന്റെ പുതിയ ചക്രവാളങ്ങളിലേക്ക് കുതിക്കുന്ന ഒമാൻ, ഇന്ന് (നവംബർ 20) ദേശീയ ദിനം ആഘോഷിക്കുകയാണ്. ആധുനിക ഒമാനി നവോത്ഥാനത്തിന്റെ നേട്ടങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനൊപ്പം 'ഒമാൻ വിഷൻ 2040' ലക്ഷ്യങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പുകൾക്കിടയിലാണ് ഈ വർഷത്തെ ആഘോഷങ്ങൾ. 'വിഷൻ 2040'-ന്റെ ആദ്യ പാദ റിപ്പോർട്ട് പ്രകാരം രാജ്യത്തിന്റെ ശരാശരി വാർഷിക വളർച്ച 3.2 ശതമാനമായി ഉയരുകയും, പൊതുകടം ജി.ഡി.പിയുടെ 34.6 ശതമാനമായി കുറയുകയും ചെയ്തു. ഇതോടെ 'ഇൻവെസ്റ്റ്മെന്റ് ഗ്രേഡ്' പദവി തിരിച്ചുപിടിച്ച ഒമാൻ, സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ 39-ാം സ്ഥാനത്തേക്കും പരിസ്ഥിതി പ്രകടന സൂചികയിൽ 49-ാം സ്ഥാനത്തേക്കും മുന്നേറി.
2026-ലും സാമ്പത്തിക രംഗത്ത് ഒമാൻ മികച്ച കുതിപ്പാണ് തുടരുന്നത്. പ്രമുഖ റേറ്റിംഗ് ഏജൻസിയായ 'സ്റ്റാൻഡേർഡ് ആൻഡ് പുവർ' (S&P) ഒമാന്റെ വളർച്ചാ പ്രവചനം 3.5 ശതമാനമായി ഉയർത്തി. ഈ വർഷം മൂന്നാം പാദത്തോടെ പൊതുവരുമാനം 16 ശതമാനം വർദ്ധിച്ച് 9.828 ബില്യൺ റിയാലിലെത്തിയതോടെ പൊതുബജറ്റിൽ 90 ദശലക്ഷം റിയാലിന്റെ മിച്ചം രേഖപ്പെടുത്തി. സ്വകാര്യ മേഖലയ്ക്ക് നൽകാനുണ്ടായിരുന്ന 1.434 ബില്യൺ റിയാൽ കുടിശ്ശിക തീർപ്പാക്കിയതും വിദേശനാണ്യ കരുതൽ ശേഖരം 19.5 ബില്യൺ ഡോളറിലെത്തിയതും ശ്രദ്ധേയമായ നേട്ടങ്ങളാണ്.
ആഗോള സാമ്പത്തിക ഭൂപടത്തിൽ സ്ഥാനം ഉറപ്പിക്കുന്നതിനായി 'ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ ഓഫ് ഒമാൻ' സ്ഥാപിച്ചു. പൗരന്മാരുടെ ജീവിതഭാരം കുറയ്ക്കാനായി ബജറ്റിൽ സാമൂഹിക സുരക്ഷയ്ക്ക് 614 ദശലക്ഷം റിയാൽ വകയിരുത്തുകയും സബ്സിഡികൾ തുടരുകയും ചെയ്തു. ആരോഗ്യ-വ്യവസായ മേഖലകളിലും വലിയ മുന്നേറ്റമാണുണ്ടായത്. അൽ സുവൈഖ്, ഖസബ്, മഹൂത്ത് ആശുപത്രികൾ, സീബിലെ സെൻട്രൽ പബ്ലിക് ഹെൽത്ത് ലബോറട്ടറി, ദുഖം പ്രത്യേക സാമ്പത്തിക മേഖലയിലെ വിൻഡ് ടർബൈൻ പദ്ധതി, 51 കിലോമീറ്റർ ഇരട്ടപ്പാത എന്നിവ ഈ വർഷം നാടിന് സമർപ്പിച്ചു. സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി തൊഴിൽ മന്ത്രാലയം 53,525 തൊഴിൽ അവസരങ്ങളും സൃഷ്ടിച്ചു.
ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ (WIPO) 2026-ലെ ആഗോള ഇന്നൊവേഷൻ സൂചികയിൽ 15 ഉപ-സൂചികകളിൽ ലോകത്തെ മികച്ച 40 രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ ഇടംനേടി. നേരിട്ടുള്ള വിദേശ നിക്ഷേപ വരവിൽ ആഗോളതലത്തിൽ 9-ാം സ്ഥാനവും ഒമാൻ കരസ്ഥമാക്കി. അന്താരാഷ്ട്ര ബന്ധങ്ങളിലും 2026-ൽ വലിയ ഉണർവുണ്ടായി. സുൽത്താൻ ഹൈതം ബിൻ താരിഖ് ഫ്രാൻസ്, യു.കെ, ചൈന ഉൾപ്പെടെയുള്ള പ്രമുഖ രാജ്യങ്ങൾ സന്ദർശിച്ച് നിർണ്ണായക കരാറുകളിൽ ഒപ്പുവെച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും നല്ല അയൽപക്ക ബന്ധം നിലനിർത്തുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങൾ ഒമാൻ തുടരുകയാണ്.
