'ഓപറേഷൻ ഗാലന്റ് നൈറ്റ് 3': 533 ടൺ അവശ്യവസ്തുക്കളുമായി യു.എ.ഇ ട്രക്കുകൾ ഗസ്സയിലെത്തി

  1. Home
  2. International

'ഓപറേഷൻ ഗാലന്റ് നൈറ്റ് 3': 533 ടൺ അവശ്യവസ്തുക്കളുമായി യു.എ.ഇ ട്രക്കുകൾ ഗസ്സയിലെത്തി

gaza


'ഓപറേഷൻ ഗാലന്റ് നൈറ്റ് 3' പദ്ധതിയുടെ ഭാഗമായി ഗസ്സയിലെ ഫലസ്തീൻ ജനതയ്ക്കായി 533 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി യു.എ.ഇയുടെ ദുരിതാശ്വാസ ട്രക്കുകൾ ഗസ്സ മുനമ്പിൽ പ്രവേശിച്ചു. ഈ ആഴ്ച അയച്ച 66 ട്രക്കുകൾ അടങ്ങിയ അഞ്ച് ഘട്ടങ്ങളായുള്ള വ്യൂഹമാണ് അവശ്യവസ്തുക്കളുമായി ഗസ്സയിലെത്തിയത്. ഗസ്സയിലെ മാനുഷിക പ്രതിസന്ധി ലഘൂകരിക്കുന്നതിനായുള്ള യു.എ.ഇയുടെ തുടർച്ചയായ സഹായ പദ്ധതികളുടെ ഭാഗമായാണ് ഈ നടപടി.

ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഭക്ഷ്യവസ്തുക്കൾ, ഫുഡ് പാർസലുകൾ, താത്കാലിക പാർപ്പിടത്തിനായുള്ള സാമഗ്രികൾ എന്നിവയാണ് ട്രക്കുകളിൽ എത്തിച്ചിട്ടുള്ളത്. ദുരിതാശ്വാസ സാമഗ്രികൾ അർഹരായ ആളുകളിലേക്ക് നേരിട്ടും സമയബന്ധിതമായും എത്തുന്നുണ്ടെന്ന് യു.എ.ഇ ഉറപ്പുവരുത്തുന്നുണ്ട്.

അൽ ആരിശ് നഗരത്തിൽ പ്രവർത്തിക്കുന്ന യു.എ.ഇ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ലോജിസ്റ്റിക്സ് സെന്റർ കേന്ദ്രീകരിച്ചാണ് സഹായങ്ങൾ ഏകോപിപ്പിക്കുന്നത്. വിവിധ മേഖലകളിൽ നിന്ന് ശേഖരിക്കുന്ന സാമഗ്രികൾ തരംതിരിച്ച് അതിർത്തി വഴി ഗസ്സയിലേക്ക് അയക്കുന്ന പ്രധാന കേന്ദ്രമായാണ് ഈ ലോജിസ്റ്റിക്സ് സെന്റർ പ്രവർത്തിക്കുന്നത്.