മുസഫയിൽ പെയ്ഡ് പാർക്കിങ് കൂടുതൽ മേഖലകളിലേക്ക്; മൂന്നാം ഘട്ടം മെയ് 18 മുതൽ ആരംഭിക്കും

  1. Home
  2. International

മുസഫയിൽ പെയ്ഡ് പാർക്കിങ് കൂടുതൽ മേഖലകളിലേക്ക്; മൂന്നാം ഘട്ടം മെയ് 18 മുതൽ ആരംഭിക്കും

MUSAFA


മുസഫ വ്യവസായ മേഖലയിലെ ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അഞ്ച് സെക്ടറുകളിൽ കൂടി പെയ്ഡ് പാർക്കിങ് (Mawaqif) ഏർപ്പെടുത്തുന്നു. മെയ് 18 മുതൽ മുസഫയിലെ അഞ്ച് മേഖലകളിൽ കൂടി പാർക്കിങ് ഫീസ് നൽകണമെന്ന് ക്യു മൊബിലിറ്റി (Q Mobility) അറിയിച്ചു. അനധികൃത പാർക്കിങ് ഒഴിവാക്കാനും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി.

പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ സെക്ടർ എം5, എം6, എം21, എം22, എം23 എന്നീ ഇടങ്ങളിലായി ആകെ 3,921 പാർക്കിങ് കേന്ദ്രങ്ങളാണ് പുതുതായി സജ്ജീകരിച്ചിരിക്കുന്നത്. സാധാരണ പാർക്കിങ് ഇടങ്ങൾക്ക് മണിക്കൂറിന് രണ്ട് ദിർഹം വീതമാണ് നിരക്ക് ഈടാക്കുക. ദർബ് (Darb), താം (TAMM) സ്മാർട്ട് ആപ്പുകൾ വഴിയോ, എസ്എംഎസ് (SMS) വഴിയോ, പാർക്കിങ് ഏരിയകളിൽ സ്ഥാപിച്ചിട്ടുള്ള മെഷീനുകൾ മുഖേനയോ ഡ്രൈവർമാർക്ക് ഫീസ് അടയ്ക്കാവുന്നതാണ്.

ഭിന്നശേഷിക്കാർക്കായി ഈ മേഖലകളിൽ പ്രത്യേക പാർക്കിങ് സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ഈ വർഷം ജനുവരി മുതലാണ് മുസഫയിൽ ഘട്ടംഘട്ടമായി പാർക്കിങ് നിയന്ത്രണങ്ങൾ ആരംഭിച്ചത്. ജനുവരി 12-ന് ഒന്നാം ഘട്ടവും ഏപ്രിൽ 20-ന് രണ്ടാം ഘട്ടവും നടപ്പിലാക്കിയിരുന്നു. തിരക്കേറിയ വാണിജ്യ-വ്യവസായ കേന്ദ്രമായ മുസഫയിൽ റോഡ് സുരക്ഷ വർധിപ്പിക്കാനും സ്ഥാപനങ്ങളിൽ എത്തുന്നവർക്ക് സുഗമമായ പാർക്കിങ് ഉറപ്പാക്കാനും പുതിയ മാറ്റം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.