പാക് ടെലിവിഷൻ അവതാരകയെ വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് കസ്റ്റഡിയിൽ

  1. Home
  2. International

പാക് ടെലിവിഷൻ അവതാരകയെ വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് കസ്റ്റഡിയിൽ

image


പാകിസ്ഥാനിലെ ടെലിവിഷൻ അവതാരകയെ സ്വന്തം വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. 92 ന്യൂസ് ചാനലിലെ അവതാരകയും പ്രോഗ്രാം ഹോസ്റ്റുമായ റാബിയ അഹ്‌സാനെയാണ് (41) ഞായറാഴ്ച റാവൽപിണ്ടിയിലെ ഗുൽഷൻ-ഇ-ആബാദ് പ്രദേശത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് അഹ്‌സാൻ താഹിർ ഖാനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ കൈവശമുണ്ടായിരുന്ന തോക്കും പോലീസ് പിടിച്ചെടുത്തു.

ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെ കിടപ്പുമുറിയിലാണ് റാബിയയ്ക്ക് വെടിയേറ്റതെന്നാണ് വിവരം. ഈ സമയം അമ്മയും സഹോദരിയും വീടിന് പുറത്തായിരുന്നു. വെടിയൊച്ച കേട്ട് അകത്തേക്ക് ഓടിയെത്തിയ സഹോദരി രക്തത്തിൽ കുളിച്ച നിലയിൽ റാബിയയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഈ സമയം ഭർത്താവിന്റെ കൈവശം തോക്കുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.

കഴുത്തിന് താഴെയും ശരീരത്തിന്റെ പിൻഭാഗത്തുമായാണ് റാബിയയ്ക്ക് വെടിയേറ്റത്. തോക്കിന്റെ ലൈസൻസ് ഹാജരാക്കാൻ ഭർത്താവിന് കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. പ്രാഥമിക ചോദ്യംചെയ്യലിൽ കൊലപാതകം നടത്തിയത് താനാണെന്ന് ഇയാൾ സമ്മതിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.