അഫ്ഗാനിസ്ഥാനിൽ വീണ്ടും പാകിസ്താന്റെ വ്യോമാക്രമണം; കുട്ടികളുൾപ്പെടെ 13 പേർ കൊല്ലപ്പെട്ടതായി താലിബാൻ
ഒരിടവേളയ്ക്ക് ശേഷം അതിർത്തിയിലെ സമാധാനാന്തരീക്ഷം തകർത്ത് അഫ്ഗാനിസ്ഥാനിൽ പാകിസ്താന്റെ ശക്തമായ വ്യോമാക്രമണം. കുനാർ, ഖോസ്ത്, പക്തിക എന്നീ മൂന്ന് കിഴക്കൻ പ്രവിശ്യകളിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ട് പാകിസ്താൻ നടത്തിയ ബോംബാക്രമണത്തിൽ കുട്ടികളുൾപ്പെടെ 13 സാധാരണക്കാർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 14 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും അഫ്ഗാൻ ഭരണകൂടം സ്ഥിരീകരിച്ചു.
അഫ്ഗാനിസ്ഥാന്റെ വ്യോമാതിർത്തി ലംഘിച്ച് പാകിസ്താൻ സൈന്യം ജനവാസ കേന്ദ്രങ്ങളിലെ വീടുകൾക്ക് നേരെയാണ് ബോംബുകൾ വർഷിച്ചതെന്ന് താലിബാൻ മുഖ്യ വക്താവ് സബീനുള്ള മുജാഹിദ് വ്യക്തമാക്കി. കൊല്ലപ്പെട്ടവരിൽ 11 പേരും കുട്ടികളാണ്. ഖോസ്ത് പ്രവിശ്യയിലെ സ്‌പേര ജില്ലയിലുണ്ടായ ആക്രമണത്തിൽ ഒരു വീട് പൂർണ്ണമായും തകരുകയും ഒരേ കുടുംബത്തിലെ പത്തുപേരിൽ ഒമ്പതുപേരും ഉറക്കത്തിനിടയിൽത്തന്നെ കൊല്ലപ്പെടുകയും ചെയ്തു. അഫ്ഗാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും താലിബാൻ ഭരണകൂടം അറിയിച്ചു.
അതേസമയം, സംഭവത്തിൽ പാകിസ്താന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും അതിർത്തി കടന്ന് ആക്രമണം നടത്തുന്ന ഭീകരവാദികളെ ലക്ഷ്യമിട്ടാണ് തങ്ങളുടെ നീക്കമെന്നാണ് പാക് അധികൃതർ അവകാശപ്പെടുന്നത്. പാകിസ്താനെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ തെഹ്‌രിക്-ഇ-താലിബാൻ പോലുള്ള ഭീകരസംഘടനകളെ അഫ്ഗാനിസ്ഥാൻ സംരക്ഷിക്കുന്നുവെന്നാണ് പാകിസ്താന്റെ ആരോപണം. എന്നാൽ ഈ ആരോപണങ്ങൾ താലിബാൻ പൂർണ്ണമായും നിഷേധിച്ചു. ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം നടന്ന അതിർത്തി സംഘർഷങ്ങളിൽ 372 അഫ്ഗാൻ പൗരന്മാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. പുതിയ ആക്രമണത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളായിരിക്കുകയാണ്.
