പാർക്കുകളും സ്ക്വയറുകളും ഒരുങ്ങി; പെരുന്നാൾ ദിനത്തിൽ സന്ദർശകരെ വരവേൽക്കാൻ മക്ക
പെരുന്നാൾ അവധിക്കാലത്ത് സ്വദേശികളെയും തീർഥാടകരെയും സന്ദർശകരെയും സ്വീകരിക്കുന്നതിനായി മക്കയിലെ പാർക്കുകളും പൊതുവിനോദ കേന്ദ്രങ്ങളും പൂർണ്ണസജ്ജമായതായി മക്ക നഗരസഭ അറിയിച്ചു. കുടുംബങ്ങൾക്കും കുട്ടികൾക്കും പെരുന്നാൾ ദിനങ്ങൾ സുരക്ഷിതമായും സന്തോഷത്തോടെയും ചെലവഴിക്കാൻ അനുയോജ്യമായ അന്തരീക്ഷം ഒരുക്കുകയാണ് നഗരസഭയുടെ ലക്ഷ്യം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വിനോദകേന്ദ്രങ്ങളിൽ വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയാക്കിയിരിക്കുന്നത്.
പാർക്കുകളിലെ പച്ചപ്പും മരങ്ങളും പരിപാലിക്കുന്നതിനൊപ്പം ജലസേചന ശൃംഖലകൾ, നടപ്പാതകൾ, ഇരിപ്പിടങ്ങൾ, ലൈറ്റുകൾ എന്നിവയുടെ അറ്റകുറ്റപ്പണികളും നഗരസഭ പൂർത്തിയാക്കിയിട്ടുണ്ട്. മക്കയിലുടനീളം ആകെ 294 പാർക്കുകളാണ് സന്ദർശകർക്കായി തുറന്നുനൽകുന്നത്. ഇതിൽ 83 മുനിസിപ്പൽ സ്ക്വയറുകൾ, കുട്ടികൾക്കും യുവാക്കൾക്കുമായി 184 കളിസ്ഥലങ്ങൾ, 11 നടപ്പാതകൾ, നഗരത്തിന് ഭംഗിയേകുന്ന 11 ജലധാരകൾ, 5 സോഷ്യൽ ക്ലബ്ബുകൾ എന്നിവ ഉൾപ്പെടുന്നു.
ശുചിത്വ പരിപാലനത്തിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അവധിക്കാലത്ത് തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ എല്ലാ കേന്ദ്രങ്ങളിലും സുരക്ഷാ പരിശോധനകൾ കർശനമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. പെരുന്നാൾ ആഘോഷങ്ങൾക്കായി മക്കയിലെത്തുന്നവർക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുന്നതിലൂടെ നഗരത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്കും ഇത് ഉണർവ് നൽകും.
