അൽഐനിൽ ശൈഖ് ശഖ്ബൂത് ബിൻ സുൽത്താൻ തെരുവിൽ ഭാഗിക ഗതാഗത നിയന്ത്രണം
അൽഐനിലെ ശൈഖ് ശഖ്ബൂത് ബിൻ സുൽത്താൻ തെരുവിൽ അബൂദബി മൊബിലിറ്റി മൂന്ന് ദിവസത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. റോഡിന്റെ വലതുഭാഗത്തുള്ള രണ്ട് വരികളാണ് (ലെയ്നുകൾ) അറ്റകുറ്റപ്പണികളുടെ ഭാഗമായി അടച്ചിടുന്നത്. വെള്ളിയാഴ്ച രാത്രി 11.45 മുതൽ തിങ്കളാഴ്ച രാവിലെ 6.00 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
സെപ്റ്റംബർ 25 വെള്ളിയാഴ്ച രാത്രി ആരംഭിക്കുന്ന അടച്ചിടൽ സെപ്റ്റംബർ 28 തിങ്കളാഴ്ച രാവിലെ അവസാനിക്കും. ഖലീഫ ബിൻ സായിദ് തെരുവുമായുള്ള ഇന്റർചേഞ്ചിന് സമീപവും സായിദ് റോഡിലേക്കുള്ള ഭാഗത്തുമാണ് നിയന്ത്രണമുള്ളത്. അടച്ചിടൽ ബാധകമായ സമയത്തും മറ്റു ലെയ്നുകളിലൂടെ സാധാരണ പോലെ വാഹനഗതാഗതം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.
